കൊച്ചി: എറണാകുളത്ത് കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. ഉമ തോമസ് എം എല്‍ എയും പാര്‍ട്ടിയില്‍ പ്രതിഷേധ ശബ്ദമുയര്‍ത്തിയിരിക്കുകയാണ്്. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലിയാണ് ഉമ തോമസും പാര്‍ട്ടി ജില്ലാ നേതൃത്വവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്നത്.
തൃക്കാക്കരയിലും കെ പി സി സി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്നാണ് ഉമ തോമസ് എം എല്‍ എയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി പ്രസിഡണ്ടിന്റ് സണ്ണി ജോസഫിന് ഉമ തോമസ് പരാതി നല്‍കി. കൗണ്‍സിലര്‍മാരുടെ പിന്തുണയുടെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കായി അധ്യക്ഷ സ്ഥാനം വീതം വയ്ക്കണമെന്നതാണ് ഉമ തോമസിന്റെ ആവശ്യം.
എന്നാല്‍ ഉമയുടെ ആവശ്യം ഡി സി സി നേതൃത്വം തള്ളിക്കളഞ്ഞിരുന്നു. ഇതോടെയാണ് ഉമ, കെ പി സി സിക്ക് പരാതി നല്‍കിയത്. കൊച്ചി കോര്‍പ്പറേഷനില്‍ ഒരു നീതിയും തൃക്കാക്കരയില്‍ മറ്റൊരു നീതിയും പറ്റില്ലെന്ന് ഉറച്ച നിലപാടിലാണ് ഉമ തോമസ്.



