പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് സുഹാന്റെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ വീട്ടിനടുത്തു നിന്ന് 100 മീറ്റര്‍ അകലെയുള്ള കുളത്തിലാണ് മൃതദേഹം പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അമ്പാട്ടുപാളയം എരുമന്‍കോട് മുഹമ്മദ് അനസ് തൗഹിത ദമ്പതികളുടെ ഇളയമകന്‍ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാന്‍ സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു.
സാധാരണ കുട്ടികള്‍ തമ്മില്‍ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാല്‍ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തെരച്ചില്‍ നടത്തിയത്.
സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്‌കൂള്‍ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോള്‍ അമ്മ സ്‌കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു.










