പാലക്കാട്: 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് പൂർത്തീകരിക്കാൻ കഴിയുന്ന എല്ലാ വികസന പദ്ധതികളും സമയബന്ധിതമായി നടപ്പാക്കണമെന്ന് അവലോകന യോഗം നിർദേശിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓരോ വകുപ്പുകളും പദ്ധതികളുമായി ബന്ധപ്പെട്ട ഡാഷ്ബോർഡുകൾ തയ്യാറാക്കി പൊതുജനങ്ങൾക്ക് വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചു.
‘പെർ ഡ്രോപ്പ് മോർ ക്രോപ്’ പദ്ധതിയിൽ അനുവദിച്ച മുഴുവൻ തുകയും വിനിയോഗിക്കണമെന്നും, കർഷകർക്ക് ബോധവൽക്കരണം നൽകുന്നതിനായി ബ്ലോക്ക് തലത്തിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം കൃഷി വകുപ്പ് അധികൃതർക്കു നിർദ്ദേശം നൽകി. പ്രധാനമന്ത്രി കുസും യോജന കൃഷി വകുപ്പുമായി ചേർന്ന് നടപ്പാക്കണമെന്നും, അപേക്ഷാ നടപടികൾ മനസ്സിലാക്കുന്നതിനായി കർഷകർക്കായി ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള 162 പ്രവൃത്തികൾ ഫെബ്രുവരി 20നകം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താനാകുമെന്നും, ശേഷിക്കുന്ന 50 പ്രവൃത്തികൾ പിന്നാലെ വരുന്ന മാസത്തിനകം പൂർത്തിയാക്കാനാകുമെന്നും വകുപ്പ് അധികൃതർ തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി. രാജേഷിനെ അറിയിച്ചു.
മാർച്ച് മാസത്തിനകം നാല് റോഡുകൾ ഉദ്ഘാടനത്തിന് സജ്ജമാകുമെന്നും, ചിറ്റൂർ മണ്ഡലത്തിലെ നറണി പാലത്തിന്റെ നിർമ്മാണം ഫെബ്രുവരി 15നകം പൂർത്തീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കി. പെരുമാട്ടി പി.എച്ച്.സി, മേലാർക്കോട് പി.എച്ച്.സി എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ടി.വി. റോഷ് അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിൽ നിർമ്മാണം പുരോഗമിക്കുന്ന പുതിയ ബ്ലോക്ക് സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രി എം.ബി. രാജേഷ് നിർദ്ദേശം നൽകി.
എട്ട് സ്കൂളുകളുടെ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമാണെന്നും, വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പുരോഗമിക്കുന്ന 14 സ്കൂളുകൾ ഉടൻ പൂർത്തീകരിക്കാനാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മൈനർ ഇറിഗേഷൻ വകുപ്പിന് കീഴിൽ ആറ് പ്രവൃത്തികൾ പൂർത്തീകരിച്ചതായും, രണ്ട് പ്രവൃത്തികളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.




