കോട്ടയം: മലയാള സിനിമയിലെ അതുല്യ പ്രതിഭ ശ്രീനിവാസനെയും, പ്രശസ്ത സാഹിത്യകാരി ബി. സരസ്വതിയെയും ജനകീയ വികസന സമിതിയുടെയും കെ.ജി. സേതുനാഥ് സ്മാരക സാംസ്കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ അനുസ്മരിക്കുന്നു. ജനുവരി 4 (ഞായറാഴ്ച) വൈകുന്നേരം 4.30-ന് ഏറ്റുമാനൂർ മാരിയമ്മൻ കോവിലിന് സമീപമുള്ള ജനകീയ വികസന സമിതി മിനി ഹാളിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
മലയാള സിനിമയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസനെയും, മലയാള ചെറുകഥയെ ലോകനിലവാരത്തിലേക്ക് ഉയർത്തിയ കാരൂർ നീലകണ്ഠപ്പിള്ളയുടെ മകളും പ്രശസ്ത എഴുത്തുകാരിയുമായ ബി. സരസ്വതിയെയും ചടങ്ങിൽ ആദരപൂർവ്വം സ്മരിക്കും.
ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. കെ.ജി. സേതുനാഥ് സ്മാരക സാംസ്കാരിക വേദി പ്രസിഡന്റ് ഹരിയേറ്റുമാനൂർ ആമുഖ പ്രഭാഷണം നടത്തും. പ്രശസ്ത കഥികൻ മീനടം ബാബു, എഴുത്തുകാരി വി. ഗീത, റിട്ട. എ.ഇ.ഒ കെ.ഒ. ഷംസുദ്ദീൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. ജനകീയ വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.എം. തോമസ് വേബനി നന്ദി രേഖപ്പെടുത്തും. അനുസ്മരണ സമ്മേളനത്തിലേക്ക് മുഴുവൻ കലാ-സാംസ്കാരിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.










