പത്തനംതിട്ട: ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസ് അതിക്രമമെന്ന് പരാതി. ത്തനംതിട്ട ജിയോ ഗ്രൗണ്ടിൽ നടന്ന ആഘോഷ പരിപാടിക്കിടെയാണ് സംഭവം. രാത്രി ഏറെ വൈകിയും പരിപാടി തുടരുന്നതിനിടെ പൊലീസ് ഇടപെടുകയായിരുന്നു.
ഇടപെടലിനിടയിൽ ഒരു പൊലീസുകാരൻ സ്റ്റേജിലേക്ക് കയറുകയും ഡിജെയ്ക്ക് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പിന് ചവിട്ടുകയുമുണ്ടായതായി ഡിജെ അഭിരാം സുന്ദർ ആരോപിച്ചു. ഏകദേശം ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് തകർന്നതായും ഇയാൾ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ അഭിരാം സുന്ദർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി പത്തനംതിട്ട പൊലീസ് രംഗത്തെത്തി. സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായതിനാലാണ് പൊലീസ് ഇടപെട്ടതെന്നും, പരിപാടി നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും സംഘാടകർ നിർദേശം അവഗണിച്ചുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. ഡിജെയുടെ ലാപ്ടോപ്പ് തകർത്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പൊലീസ് വ്യക്തമാക്കി.






