കൊച്ചി: ‘സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നടൻ ജയസൂര്യ. ഏഴാം തീയതി വീണ്ടും ഹാജരാകണമെന്ന സമൻസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും നുണ പ്രചരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് താനെന്നുമാണ് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചത്. 24 ന് ഹാജരാകണമെന്ന സമൻസ് കിട്ടിയപ്പോൾ ഹാജരായിരുന്നു. 29നും ഹാജരാകണം എന്ന് പറഞ്ഞു. അതിനും തങ്ങൾ ഹാജരായിരുന്നു. അല്ലാതെ ഏഴാം തീയതി വീണ്ടും ഹാജരാകാനുളള സമൻസ് ഇതുവരെയും ലഭിച്ചിട്ടില്ല.
പരസ്യ ആവിശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ആർക്കെങ്കിലും ഇന്ന് ഊഹിക്കാൻ സാധിക്കുമോ എന്ന് ജയസൂര്യ ചോദിക്കുന്നു. എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതു ഖജനാവിൽ അടയ്ക്കുന്ന ഉത്തരവാദിത്വപ്പെട്ട ഒരു സാധാരണ പൗരനാണ് താനെന്നും ജയസൂര്യ പറഞ്ഞു.



