മലപ്പുറം: ആഘോഷങ്ങൾക്കിടയിലും സഹജീവികളുടെ വിശപ്പകറ്റാൻ കൈകോർത്ത് കാരിപറമ്പ് ഡിവൈഎഫ്ഐ പ്രവർത്തകർ. പുതുവർഷത്തിന്റെ ആദ്യദിനം മഞ്ചേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറുകൾ വിതരണം ചെയ്താണ് യൂണിറ്റ് പ്രവർത്തകർ മാതൃകയായത്.
പുതുവർഷാഘോഷങ്ങൾക്കായി പണം ചെലവാക്കുന്നതിന് പകരം, ആശ്വാസം ആവശ്യമുള്ളവരിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യപ്രവർത്തി സംഘടിപ്പിച്ചത്. കാരിപറമ്പ് പ്രദേശത്തെ വീടുകളിൽ നിന്നും സ്നേഹത്തോടെ തയ്യാറാക്കി നൽകിയ പൊതിച്ചോറുകളാണ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചത്.ആഘോഷങ്ങൾക്കിടയിലും സഹജീവികളുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഈ പ്രവർത്തനം വലിയ അഭിനന്ദനങ്ങൾക്ക് അർഹമായി.
ഈ മഹത്തായ ഉദ്യമത്തിന് നേതൃത്വം നൽകിയ പ്രവർത്തകർക്കും, വീട്ടിൽ നിന്നും ഭക്ഷണപ്പൊതികൾ തയ്യാറാക്കി നൽകിയ സുമനസ്സുകൾക്കും സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിക്കുന്നത്.നന്മയുടെ ഈ യാത്ര വരും ദിവസങ്ങളിലും തുടരുമെന്നും, സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.




