കാഠ്മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ ബുദ്ധ എയർലൈൻസിന്റെ യാത്രാവിമാനം റൺവേയിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെ തെന്നിമാറി. ടർബോപ്രോപ്പ് വിഭാഗത്തിൽപ്പെടുന്ന ATR 72-500 വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
കാഠ്മണ്ഡുവിൽ നിന്ന് ഭദ്രാപൂരിലേക്ക് എത്തിയ വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരുമുണ്ടായിരുന്നു. അപകടത്തിൽ എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻ സ്ഥിരീകരിച്ചു. വിമാനം റൺവേയിൽ നിന്ന് സമീപത്തെ ഒരു അരുവിക്കരയിലേക്കാണ് തെന്നിമാറിയതെന്നും വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചതായും അറിയിച്ചു.
സംഭവത്തെ തുടർന്ന് കാഠ്മണ്ഡുവിൽ നിന്ന് സാങ്കേതിക സംഘത്തെയും ദുരിതാശ്വാസ സംഘത്തെയും സ്ഥലത്തേക്ക് അയച്ചതായി ബുദ്ധ എയർലൈൻസ് അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമാക്കുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേപ്പാളിലെ വ്യോമയാന സുരക്ഷാ സംവിധാനം മുൻപ് പലവട്ടം വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. 2024 ജൂലൈയിൽ കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെട്ട സൗര്യ എയർലൈൻസിന്റെ ബോംബാർഡിയർ വിമാനം തകർന്നുവീണ് 18 പേർ മരിച്ചിരുന്നു. 2023 ജനുവരിയിൽ പൊഖാറയിൽ ലാൻഡ് ചെയ്യുന്നതിനിടെ യെതി എയർലൈൻസിന്റെ ATR 72 വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 72 പേരും മരിച്ചിരുന്നു.




