പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്ര– വടക്കഞ്ചേരി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ വാവുമലയുടെ പ്രകൃതി ഭംഗിക്ക് പുതുജീവൻ പകർന്ന് വാവുമല ഇക്കോ ടൂറിസം പദ്ധതിക്ക് റവന്യു വകുപ്പിൽനിന്ന് അനുമതി ലഭിച്ചു. പദ്ധതിക്കായി ആവശ്യമായ ഭൂമി ടൂറിസം വകുപ്പ് ഏറ്റെടുക്കും. ദേശീയപാത പന്നിയങ്കരയിൽനിന്ന് വാവുമലയിലേക്കു 46 ലക്ഷം രൂപ ചെലവഴിച്ച് റോഡ് നിർമാണ ഉടൻ ആരംഭിക്കും. സമീപത്തെ തോട്ടം ഉടമകൾ സൗജന്യമായി കൈമാറിയ ഭൂമിയിലാണ് റോഡ് നിർമാണം നടത്തുക.
12 ഭൂവുടമകളിൽ നിന്നായി 335 മീറ്റർ നീളത്തിൽ 49 സെന്റ് സ്ഥലമാണ് റോഡിനായി ഏറ്റെടുത്തിരിക്കുന്നത്. ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കുന്നതിനാവശ്യമായ തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് നിർദേശം നൽകിയിട്ടുണ്ട്. പദ്ധതി നടപ്പിലാകുന്നതോടെ വടക്കഞ്ചേരി– കണ്ണമ്പ്ര കേന്ദ്രീകരിച്ചുള്ള ടൂറിസം മേഖലയ്ക്ക് വഴിതുറക്കും. പ്രാദേശിക തൊഴിൽ അവസരങ്ങളും അനുബന്ധ വികസന പ്രവർത്തനങ്ങളും വർധിക്കുമെന്ന് പി.പി.സുമോദ് എംഎൽഎ അറിയിച്ചു.






