പാലക്കാട്: വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. കൂറ്റനാട് സ്വദേശി അലിമോൻ്റെ മകൾ ആയിഷ ഹിഫയാണ് മരിച്ചത്. വട്ടേനാട് ജിവിഎച്ച്എസ് എസ് ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആയിഷ. ഉയരക്കുറവ് പരിഹരിക്കാനുള്ള വ്യായാമത്തിനായി വീടിൻ്റെ അടുക്കളയിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ അബദ്ധത്തിൽ കുരുങ്ങിയതാണെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ മൊഴി.
കുട്ടിയുടെ മാതാവും സഹോദരിയും പുറത്ത് പോയ സമയത്താണ് അപകടം നടന്നത്. വീട്ടിലുണ്ടായിരുന്ന ബന്ധുക്കൾ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കയറിൽ കുരുങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




