തൃശ്ശൂർ: കുന്നംകുളം നഗരത്തിന്റെ ദീർഘകാല വികസന സ്വപ്നമായ റിംഗ് റോഡ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് കടക്കുന്നു. നഗരത്തിലെ ഗുരുതരമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും നഗരത്തിലൂടെയും നഗരത്തിലൂടെ കടന്നുപോകുന്ന വാഹനഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനുമായി വിഭാവനം ചെയ്ത കുന്നംകുളം മുനിസിപ്പാലിറ്റി റിംഗ് റോഡ് വികസന പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിന്റെ പൊതുവാദം കേൾക്കൽ ജനുവരി 6ന് രാവിലെ പതിനൊന്ന് മണിക്ക് നഗരസഭ ടൗൺഹാളിൽ നടക്കും.
പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് നേതൃത്വം നൽകിയ എ സി മൊയ്തീൻ എംഎൽഎയ്ക്ക് വിവിധ മേഖലകളിൽ നിന്നുള്ള അഭിനന്ദനവും പിന്തുണയും ശക്തമാണ്. സർക്കാർ നിയോഗിച്ച തിരുവനന്തപുരം പാങ്ങോട് ആസ്ഥാനമായ ഭൂമി–സാമൂഹ്യ പഠന കേന്ദ്രമാണ് റിംഗ് റോഡ് വികസനത്തിന്റെ സാമൂഹ്യാഘാത പഠനം നടത്തിയത്. പഠനം പൂർത്തിയായി കരട് റിപ്പോർട്ട് തയ്യാറായിട്ടുണ്ട്. പൊതുവാദം കേൾക്കലിന് ശേഷം അന്തിമ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കും.
തൃശൂർ– കുറ്റിപ്പുറം സംസ്ഥാന പാതയും ചാവക്കാട്– വടക്കാഞ്ചേരി സംസ്ഥാന പാതയും സംഗമിക്കുന്ന കുന്നംകുളം ജംഗ്ഷൻ നഗരത്തിലെ പ്രധാന ഗതാഗതകേന്ദ്രമായതിനാൽ ഇവിടെ ഗതാഗത സമ്മർദ്ദം അത്യധികമാണ്. നഗരത്തിന്റെ ഉൾഭാഗങ്ങളിലെ ഇടുങ്ങിയ റോഡുകളിലേക്കുള്ള വാഹനപ്രവാഹം കുറയ്ക്കുന്നതിനായി നഗരത്തെ ചുറ്റിപ്പറ്റിയ ഒരു കാര്യക്ഷമമായ പെരിഫറൽ റോഡ് ശൃംഖല അനിവാര്യമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുനിസിപ്പാലിറ്റിയുടെ മാസ്റ്റർ പ്ലാനിന് അനുസൃതമായി കിഫ്ബി പദ്ധതിയായി കുന്നംകുളം മുനിസിപ്പാലിറ്റി റിംഗ് റോഡ് വികസന പദ്ധതി രൂപകൽപ്പന ചെയ്തത്.
നഗരപരിധിക്കുള്ളിലെ പ്രധാന മുനിസിപ്പൽ റോഡുകളെ ഏകീകരിച്ച് നഗരത്തെ ചുറ്റിപ്പറ്റുന്ന ഒരു തുടർച്ചയായ ഗതാഗത കൊറിഡോർ സൃഷ്ടിക്കുന്നതാണ് പദ്ധതിയുടെ മുഖ്യ ആശയം. ഇതുവഴി തൃശൂർ– കുറ്റിപ്പുറം, ചാവക്കാട്– വടക്കാഞ്ചേരി ദിശകളിലൂടെയുള്ള വാഹനഗതാഗതം നഗരകേന്ദ്രത്തിലേക്ക് പ്രവേശിക്കാതെ നഗരപ്രാന്തങ്ങളിലൂടെ തിരിച്ചുവിടാൻ സാധിക്കുകയും, നഗരത്തിനകത്തെ ജംഗ്ഷനുകളിലെയും ഉൾറോഡുകളിലെയും ഗതാഗതഭാരം ഗണ്യമായി കുറയുകയും ചെയ്യും. ഗതാഗത പഠനത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിന് പുറമെയുള്ള പെരിഫറൽ ലിങ്ക് സംവിധാനത്തിലൂടെ വലിയൊരു ശതമാനം വാഹനഗതാഗതം തിരിച്ചുവിടാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഏകദേശം ആറു ദശാംശ ആറു രണ്ട് ഒരു കിലോമീറ്റർ നീളത്തിലുള്ള റിംഗ് റോഡ് ശൃംഖല നിർദ്ദേശിച്ചിരിക്കുന്നത്.പദ്ധതിയുടെ ഭാഗമായി ബൈജു റോഡ്, എം ഒ റോഡ് ഒന്നുമുതൽ അഞ്ചുവരെയുള്ള ഭാഗങ്ങൾ, ടി കെ കൃഷ്ണൻ റോഡ്, യേശുദാസ് റോഡ് എന്നിവ ഉൾപ്പെടെ ഒൻപത് പ്രധാന റോഡ് വിഭാഗങ്ങളും, രണ്ടു ദശാംശ പതിനെട്ട് കിലോമീറ്റർ നീളമുള്ള ഗ്രീൻ കോറിഡോറും പുതുതായി നിർദേശിച്ച ഗ്രീൻഫീൽഡ് കൊറിഡോറും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള റോഡുകളുടെ വീതി ഏകീകരിച്ച് പ്രവർത്തനക്ഷമമായ നഗര ആർട്ടീരിയൽ റോഡ് സംവിധാനമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയിലെ പ്രധാന ഘടകമായ ഗ്രീൻ കോറിഡോറിൽ മെച്ചപ്പെട്ട മഴവെള്ള ചാലുകൾ, പാദചാരികൾക്ക് സൗഹൃദമായ നടപ്പാതകൾ, ജോഗിംഗ് ട്രാക്ക്, ലാൻഡ്സ്കേപ്പിംഗ്, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ നഗര ബൈപ്പാസ് സംവിധാനമാണ് ലക്ഷ്യമിടുന്നത്. പ്രവൃത്തിയുടെ പ്ലാനും ഡിസൈനും കിഫ്ബി ടെക്നിക്കൽ റിസോഴ്സ് സെന്റർ വിഭാഗം തയ്യാറാക്കിയതാണ്. റിംഗ് റോഡ് വികസന പദ്ധതിക്ക് ഇരുപത്തിയഞ്ച് കോടി രൂപയുടെ ഭരണാനുമതിയും അറുപത്തിരണ്ടു ദശാംശ തൊണ്ണൂറ്റി ആറു കോടി രൂപയുടെ സാമ്പത്തികാനുമതിയും നേരത്തെ ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനസ്ഥാപനം എന്നിവ ഉൾപ്പെടെ ആകെ പദ്ധതി ചെലവ് ഏകദേശം എഴുപത്തിരണ്ട് കോടി രൂപയായി കണക്കാക്കുന്നു.
ഇതിൽ ഇരുപത് കോടി രൂപ ഭൂമി ഏറ്റെടുക്കലിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി വകയിരുത്തിയിട്ടുണ്ട്.ഭൂമി ഏറ്റെടുക്കൽ നടപടികൾ നിലവിൽ പ്രാരംഭ ഘട്ടത്തിലാണ്. സാമൂഹ്യാഘാത പഠനത്തിന്റെ ഭാഗമായി ജനുവരി ആറിന് നടക്കുന്ന പൊതുവാദം കേൾക്കലിന് ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും, തുടർന്ന് സർവേ ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി പദ്ധതിയുടെ സാങ്കേതിക അനുമതി നേടുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യും. കുന്നംകുളത്തിന്റെ ഗതാഗത പ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാരമാകുന്ന റിംഗ് റോഡ് പദ്ധതി നഗരത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുകയാണ്.






