കോഴിക്കോട്: പി.ജി. വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് അധ്യാപകര്‍ക്ക് സ്ഥലംമാറ്റം. ഡോ. അനിതാ കുമാരിയെയും ഡോ. സി.ഐ. സ്മിതയെയുംതിരെയാണ് നടപടി സ്വീകരിച്ചത്. പ്രത്യേക അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പി.ജി. വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയില്‍, അധ്യാപകര്‍ പൊതുവേദികളിലും രോഗികളുടെ മുന്നിലും നിരന്തരം അപമാനിക്കുകയും അവഹേളനപരമായ പെരുമാറ്റം കാട്ടുകയും ചെയ്തതായി ആരോപിച്ചിരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും പി.ജി. ഗ്രീവന്‍സ് സെല്ലിനുമാണ് പരാതി നല്‍കിയിരുന്നത്.
മാസങ്ങളായി മാനസിക പീഡനവും പരസ്യാധിക്ഷേപവും തുടരുകയാണെന്നും, ഇതിന്റെ ഫലമായി ചില വിദ്യാര്‍ത്ഥികള്‍ വിഷാദരോഗത്തിന് ഇരയായെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ആകെ 12 മെഡിക്കല്‍ പി.ജി. വിദ്യാര്‍ത്ഥികളാണ് പരാതിക്കാരായത്.
അധ്യാപകര്‍ക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പ്രത്യേക കമ്മീഷന് ആരോപണങ്ങളില്‍ ഗൗരവമുള്ള കണ്ടെത്തലുകള്‍ നടത്തിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും സ്ഥലംമാറ്റം നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികള്‍ ആരോഗ്യ വകുപ്പ് പരിഗണിച്ചുവരികയാണ്.






