പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലിരിക്കെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയൻ കെ കെ ആണ് മരിച്ചത്. സന്നിധാനം വടക്കേ നട ഭാഗത്ത് ഡ്യൂട്ടി നിർവഹിച്ചുവരികയായിരുന്നു ഇദ്ദേഹം. ഹൃദയസംബന്ധമായ അസ്വസ്ഥതയെ തുടർന്ന് ആദ്യം സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കോതമംഗലം കുട്ടമ്പുഴ സ്വദേശിയാണ് ജയൻ കെ കെ.




