തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉൾപ്പെട്ട രണ്ട് പ്രതികളുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, സ്വർണ്ണവ്യാപാരി നാഗ ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് ജസ്റ്റിസ് എ. ബദറുദ്ദിൻ വാദം കേൾക്കുക. സ്വർണക്കൊള്ളയിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് രണ്ട് പ്രതികളും കോടതിയെ അറിയിച്ചിരിക്കുന്നത്.
എന്നാൽ എ. പത്മകുമാറിനെതിരെ നിരവധി നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചത്. പത്മകുമാർ നൽകിയ മൊഴിയും അന്വേഷണത്തിൽ ശേഖരിച്ച തെളിവുകളും തമ്മിൽ വ്യക്തമായ വൈരുദ്ധ്യമുണ്ടെന്നും എസ്ഐടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. നാഗ ഗോവർദ്ധനും പങ്കജ് ഭണ്ഡാരിയും ഉൾപ്പെടെ തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്തുണയാകുന്ന തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കും. മറ്റൊരു പ്രതിയായ മുരാരി ബാബു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പ്രവർത്തിച്ചിരുന്ന കാലത്താണ് ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ മാറ്റാനുള്ള തീരുമാനം എടുത്തതെങ്കിലും, അവ കൊണ്ടുപോകുകയും തിരിച്ചെത്തിക്കുകയും ചെയ്ത ഘട്ടങ്ങളിൽ ശ്രീകുമാറായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ.
സ്വർണക്കൊള്ളയിൽ ശ്രീകുമാറിന് വ്യക്തമായ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു ശ്രീകുമാറിന്റെ അറസ്റ്റ്. ഉദ്യോഗസ്ഥനെന്ന നിലയിൽ മേലധികാരികളുടെ നിർദ്ദേശപ്രകാരം മാത്രമാണ് പ്രവർത്തിച്ചതെന്നാണ് ശ്രീകുമാർ ജാമ്യാപേക്ഷയിൽ ഉന്നയിക്കുന്ന വാദം. കേസിലെ പ്രതികളിൽ ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.




