തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എൻഡിഎയുടെ പ്രചാരണത്തിന് തുടക്കമിടുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത് എത്തി. ഇന്നലെ രാത്രി 11.15ഓടെയാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കൾ അമിത് ഷായെ സ്വീകരിച്ചു.
ഇന്ന് രാവിലെ അമിത് ഷാ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് രാവിലെ 11 മണിക്ക് ബിജെപി ജനപ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് കോർകമ്മിറ്റി യോഗത്തിലും അദ്ദേഹം സന്നിഹിതനാകും.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്ന തീയതിയും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ഊർജം നൽകുന്ന സന്ദർശനമായിരിക്കും അമിത് ഷായുടേത്.






