കൊല്ലം: പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തുമരിച്ചു. കൊല്ലം മുഖത്തല അൻസാരിമുക്കിലാണ് സംഭവം നടന്നത്. കാവനാട് കന്നിമേൽചേരി, ചന്ദ്രികാ ഭവനിൽ ദയാനിധിയാണ് മരിച്ചത്.
വാടകയ്ക്ക് നൽകിയിരുന്ന വീട്ടിലെ പറമ്പ് വൃത്തിയാക്കുന്നതിനായി എത്തിയ ദയാനിധി കരിയിലകളും മാലിന്യങ്ങളും കൂട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. എന്നാൽ തീ പെട്ടെന്ന് ആളിപ്പടർന്ന് നിയന്ത്രണാതീതമായി.
തീ അണയ്ക്കാൻ ദയാനിധി സ്വയം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും തീയണക്കാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹം അഗ്നിക്കിരയായത്. ഫയർഫോഴ്‌സ് സംഘം എത്തി തീ നിയന്ത്രണത്തിലാക്കി മൃതദേഹം പുറത്തെടുത്തു.
അമിതമായി പുക ശ്വസിച്ചതാകാമോ, അല്ലെങ്കിൽ തീയിലേക്ക് വീണതാകാമോ മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




