ന്യൂഡൽഹി: രാജ്യത്തെ പല സംസ്ഥാനങ്ങളിലുമുള്ള കടുത്ത ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. മെയ് മാസത്തിന്റെ തുടക്കത്തിൽ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴ വർഷവും ഉണ്ടാകാനാണ് സാധ്യത.
കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. എന്നാൽ ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റിന്റെ സ്വാധീനത്തിൽ കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിനകം ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി എന്നിവിടങ്ങളിൽ മഴ ലഭിച്ചു. പശ്ചിമ ബംഗാളിലും സിക്കിമിലും ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിലും മഴ റിപ്പോർട്ട് ചെയ്തു.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. ചില സ്ഥലങ്ങളിൽ ആലിപ്പഴം വീഴാനും സാധ്യതയുള്ളതിനാൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി. ഈ കാലാവസ്ഥ മാറ്റം മൂലം താപനിലയിൽ 3 മുതൽ 5 ഡിഗ്രി വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ട്. കേരളത്തിലെ മലയോര മേഖലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് റിപ്പോർട്ട് പറയുന്നു.
ഉഷ്ണതരംഗം കിഴക്കൻ ഇന്ത്യയിലെ ചില ഭാഗങ്ങളിൽ കുറച്ചു ദിവസം കൂടി തുടർന്നേക്കാം. കനത്ത ചൂടിൽ നിന്ന് താൽക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും, ശക്തമായ കാറ്റും ആലിപ്പഴവും നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ഇടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.




