കോട്ടയം: തലയോലപ്പറമ്പിൽ തോടിന്റെ കരിങ്കൽകെട്ടുകൾക്കിടയിൽ വിഷപാമ്പുകൾ താവളമാക്കിയതോടെ മിഠായിക്കുന്നം പ്രദേശം ഭീതിയിൽ. അയ്യൻകോവിൽ ക്ഷേത്രത്തിന് സമീപം കണ്ണങ്കേരി പാടംതാഴെ ഭാഗത്തുനിന്ന് വ്യാഴാഴ്ച രാവിലെ ആറോടെ രണ്ട് മൂർഖൻ പാമ്പുകളെയാണ് സർപ്പ ടീം അംഗം പി.എസ്.സുജയ് പിടികൂടിയത്.
ഈ പ്രദേശത്തു താമസിക്കുന്ന വട്ടക്കണ്ടത്തിൽ ഷൈനി അഗസ്റ്റിന്റെ വീടിനുസമീപം മീൻവലയിൽ കുടുങ്ങിയ നിലയിലായിരുന്നു രണ്ടു വലിയ മൂർഖൻ പാമ്പുകളെ കണ്ടത്. ഉടനെ സുജയെ വിവരം അറിയിക്കുകയായിരുന്നു. കൂട്ടിലാക്കിയ പാമ്പുകളെ വനംവകുപ്പിന് കൈമാറുമെന്ന് സുജയ് അറിയിച്ചു. പ്രദേശത്ത് മൂർഖൻ പാമ്പുകളുടെ ശല്യം സ്ഥിരമായുണ്ടെന്നും മുൻപ് പലതവണ പാമ്പുകളെ പിടികൂടിയിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.
ഇവിടെയുള്ള കരിങ്കൽ കെട്ടികൾക്കിടയിൽ താവളമുറപ്പിച്ച വിഷപ്പാമ്പുകളെ ഭയന്നാണ് പ്രദേശത്തെ ജനങ്ങൾ ജീവിക്കുന്നത്. കരിക്കനാൽ-അടിയത്ത് ചാൽ വൃത്തിയാക്കി കരിങ്കൽക്കെട്ടുകളുടെ വിടവുകൾ അടച്ച് സുരക്ഷിതമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.






