ന്യൂഡൽഹി: കോൺഗ്രസ് ഹൈക്കമാന്റിനെതിരെ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. സീനിയോറിറ്റിക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്നും അച്ചടക്കം പാലിച്ചിട്ടും അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു. നിയമസഭ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്നും പുതിയ മന്ത്രിസഭയിൽ ചേരില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരള മുഖ്യമന്ത്രിസ്ഥാനം തീരുമാനിക്കുന്ന അവസാന ഘട്ടം വരെ കെ.സി. വേണുഗോപാലിനും വി.ഡി. സതീശനുമൊപ്പം രമേശ് ചെന്നിത്തലയുടെ പേരും ശക്തമായി പരിഗണിച്ചിരുന്നു. എന്നാൽ 11 ദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിക്കുകയായിരുന്നു. തുടർന്നാണ് ഹൈക്കമാന്റിന്റെ തീരുമാനത്തിനെതിരെ ചെന്നിത്തല പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്.





