പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് പ്രായപൂർത്തിയാകാത്ത മകളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിനിടെയാണ് കുട്ടി മർദനവിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന് പിന്നാലെ കുട്ടിയെ വീട്ടിൽ നിന്ന് മാറ്റി ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ഷെൽട്ടർ ഹോമിലേക്ക് പ്രവേശിപ്പിച്ചു.
വണ്ടിത്താവളം കെയോട് പ്രദേശത്താണ് സംഭവം നടന്നത്. വിറക് കഷ്ണം ഉപയോഗിച്ചാണ് പിതാവ് കുട്ടിയെ മർദിച്ചത് . ഇയാൾ ലഹരിക്ക് അടിമയാണെന്ന സംശയവും പൊലീസ് പ്രകടിപ്പിച്ചു.
കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് മീനാക്ഷിപുരം പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തിയത്. എന്നാൽ അന്ന് കുട്ടിയും അമ്മയും പരാതി നൽകാൻ തയ്യാറായിരുന്നില്ല. തുടർന്ന് വിഷയം ചൈൽഡ് ലൈന്റെ ശ്രദ്ധയിൽപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു.
സമീപവാസികളാണ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറിയത്. തുടർന്ന് പിതാവിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ലഹരിവസ്തുക്കളൊന്നും കണ്ടെത്താനായില്ല. പരാതിയില്ലാത്ത സാഹചര്യത്തിൽ ലഭിച്ച ദൃശ്യങ്ങൾ ചൈൽഡ് ലൈനിന് കൈമാറുകയും കൗൺസിലിംഗിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്.







