തിരുവന്തപുരം: തലസ്ഥാനത്ത് വിദേശ വനിതകളെ മനുഷ്യക്കടത്തിലൂടെ എത്തിച്ച് പെൺവാണിഭം നടത്തിയിരുന്ന സംഘത്തെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് മലയാളികളും രണ്ട് തായ്‌ലൻഡ് സ്വദേശിനികളുമാണ് പിടിയിലായത്. അണ്ടൂർക്കോണം പറമ്പിപ്പാലം ടി.എ. മൻസിലിൽ ആസിഫ് (28), പോത്തൻകോട് കീഴ് തോന്നയ്ക്കൽ അഞ്ചു ഭവനിൽ അദീഷ് കൃഷ്ണൻ (28), തായ്‌ലൻഡ് സ്വദേശിനികളായ സിരിലക്ക് (42), സുകന്യ (29) എന്നിവരാണ് അറസ്റ്റിലായത്.
കുളത്തൂർ കട്ടേല പ്രദേശത്തെ വാടകക്കെട്ടിടം കേന്ദ്രീകരിച്ചാണ് സംഘം അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു. വിദേശ വനിതകളെ ഉൾപ്പെടെ എത്തിച്ച് പെൺവാണിഭം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തുമ്പ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
അറസ്റ്റിലായ തായ്‌ലൻഡ് സ്വദേശിനികൾക്ക് ഇന്ത്യയിൽ നിയമപരമായി താമസിക്കാൻ ആവശ്യമായ വിസയോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആവശ്യമായ രേഖകൾ ഉണ്ടായിരുന്ന മറ്റൊരു യുവതിയെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. വിദേശ വനിതകളെ നിയമവിരുദ്ധമായി താമസിപ്പിച്ച് പെൺവാണിഭം ഏകോപിപ്പിച്ചിരുന്ന സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.







