കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് കയ്യും കാലും കെട്ടിയിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷ് ആണ് മരിച്ചത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സന്തോഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, വീട്ടിൽ സ്ഥിരമായി കലഹം സൃഷ്ടിക്കുകയും അമ്മയെ ഉൾപ്പെടെ കുടുംബാംഗങ്ങളെ മർദ്ദിക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് അറിയിച്ചു. ചികിത്സയിലായിരുന്ന സന്തോഷ് ഒരാഴ്ച മുൻപാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്.
ഇന്നലെ രാത്രി സന്തോഷും സഹോദരൻ സനലും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് സനൽ സന്തോഷിന്റെ കൈയും കാലും കെട്ടിയിട്ടതായി പൊലീസ് പറയുന്നു. പതിവായി ബഹളം കേൾക്കുന്നതിനാൽ ആദ്യം അയൽവാസികൾ സംഭവം ഗൗരവമായി എടുത്തില്ല. ഇതിന് പിന്നാലെ അച്ഛൻ രാമകൃഷ്ണൻ ഇരുമ്പ് വടി ഉപയോഗിച്ച് സന്തോഷിന്റെ തലക്ക് അടിച്ചുവെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






