കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞിന്റെ അച്ഛൻ രംഗത്ത്. സംസ്ഥാനതല വിദഗ്ധ സമിതി അടിയന്തരമായി ചേർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അച്ഛൻ സൂരജ് ആവശ്യപ്പെട്ടു.
നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്ന് കുടുംബം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും സൂരജ് അറിയിച്ചു.
പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. കളിക്കുന്നതിനിടെ വീണ് ചുണ്ടിലും താടിയിലും പരിക്കേറ്റതിനെ തുടർന്ന് കുഞ്ഞിനെ പയ്യന്നൂരിലെ ബി.എം.എച്ച് ആശുപത്രിയിൽ എത്തിച്ചിരുന്നു. മുറിവിന് തുന്നലിടുന്നതിനായി അനസ്തീഷ്യ നൽകിയതിന് പിന്നാലെയാണ് കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായത്.
തുടർന്ന് കുഞ്ഞിനെ കണ്ണൂരിലെ ബി.എം.എച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സാ പിഴവുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തിൽ നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി കുടുംബം മുന്നോട്ട് പോകുകയാണ്.




