പാലക്കാട്: പാലക്കാട്ടുനിന്ന് ആലത്തൂർ ശ്രീനാരായണ കോളേജ് വഴി ഗുരുവായൂരിലേക്ക് യാത്രാസൗകര്യം ഒരുക്കുന്ന പുതിയ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനമായി കെ.ഡി. പ്രസേനൻ എംഎൽഎയും പി. പി. സുമോദ് എംഎൽഎയും ചേർന്ന് ബസിന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. രാവിലെ 7.50ന് പാലക്കാട് ബസ് സ്റ്റാൻഡിൽ നിന്നാണ് സർവീസ് പുറപ്പെടുന്നത്. ആലത്തൂർ, ആലത്തൂർ ശ്രീനാരായണ കോളേജ്, തെന്നിലാപുരം, പുളിങ്കൂട്ടം, കണ്ണമ്പ്ര, വാണിയമ്പാറ, പട്ടിക്കാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ വഴിയാണ് ബസ് സഞ്ചരിക്കുക. രാവിലെ 11.10ന് ഗുരുവായൂർ ക്ഷേത്രനഗരിയിലെത്തുന്ന രീതിയിലാണ് സമയക്രമം ക്രമീകരിച്ചിരിക്കുന്നത്.
ഗുരുവായൂരിൽ നിന്ന് തിരികെ ഉച്ചകഴിഞ്ഞ് 1.30ന് പുറപ്പെടുന്ന ബസ് വൈകിട്ട് 4.50ന് പാലക്കാട് എത്തിച്ചേരും. യാത്രക്കാരുടെ സൗകര്യം മുൻനിർത്തി ഈ റൂട്ടിൽ രണ്ട് സർവീസുകളാണ് കെഎസ്ആർടിസി ആരംഭിച്ചിരിക്കുന്നത്. പാലക്കാട്–ആലത്തൂർ മേഖലയിലെ തീർത്ഥാടകർ, വിദ്യാർത്ഥികൾ, വ്യാപാരികൾ എന്നിവർക്കു ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ സർവീസ്. പ്രത്യേകിച്ച് ആലത്തൂർ ശ്രീനാരായണ കോളേജിലെ വിദ്യാർത്ഥികൾക്കും സമീപ പ്രദേശങ്ങളിലെ പൊതുജനങ്ങൾക്കും ഗുരുവായൂരിലേക്കുള്ള നേരിട്ടുള്ള ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിലൂടെ യാത്രാസമയം കുറയുകയും ചെലവ് ലാഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ജനങ്ങളുടെ ദീർഘകാല ആവശ്യത്തെ തുടർന്നാണ് ഈ സർവീസ് ആരംഭിച്ചതെന്ന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവർ അറിയിച്ചു. കെഎസ്ആർടിസിയുടെ പൊതുഗതാഗത ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസ്.




