കോട്ടയം: എ.കെ.സി.സി. രൂപത ഡയറക്ടറും വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടറുമായ ഫാ. ഡോ. ജോർജ് ഞാറക്കുന്നേലിനെ കാറിടിപ്പിച്ചു വീഴ്ത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന നഗരസഭാ കൗൺസിലർ ബിജു മാത്യൂസിന്റെ പരാമർശം വിവാദത്തിലേക്ക്. വൈദികനെ അപായപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പാലാ നഗരസഭ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് ബിജു മാത്യൂസ് അപ്രതീക്ഷിത പ്രസ്താവന നടത്തിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നുമുള്ള കൗൺസിലറുടെ നിലപാട് ഭരണ-പ്രതിപക്ഷ അംഗങ്ങളെ ഒരുപോലെ അമ്പരപ്പിച്ചു.
സീബ്രാ ക്രോസിംഗിൽ വൈദികനെ ഇടിച്ചിട്ടിട്ട് നിർത്താതെ പോയ സംഭവത്തിൽ എ.കെ.സി.സി. പ്രതിഷേധിച്ചിട്ടില്ലെന്ന ബിജു മാത്യൂസിന്റെ വാദം അസത്യമാണെന്നും ആക്ഷേപമുയർന്നു. രൂപതാ പ്രസിഡന്റ് ഇമ്മാനുവേൽ നിധിരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പിന്നാലെ എ.കെ.സി.സി. ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് മാധ്യമങ്ങൾക്ക് നൽകിയിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സഭാനേതൃത്വം തന്നെ വ്യക്തമാക്കുമ്പോൾ, ബിഷപ്സ് ഹൗസ് ഉൾപ്പെടുന്ന കൊട്ടാരമറ്റം വാർഡിലെ കൗൺസിലർ ആരെ രക്ഷിക്കാനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന ചോദ്യം പൊതുസമൂഹത്തിൽ ഉയരുന്നുണ്ട്.
മുഖ്യധാരാ മാധ്യമങ്ങളിലെ വാർത്തകളെ തള്ളിക്കളഞ്ഞ ബിജു മാത്യൂസിന്റെ നടപടി ആരെയോ സംരക്ഷിക്കാനാണെന്ന് ആരോപണമുയർന്നു. അതേസമയം, ബിജു മാത്യൂസിനെ തിരുത്തിക്കൊണ്ട് കൗൺസിലർ ബിനു പുളിക്കകണ്ടം യോഗത്തിൽ സംസാരിച്ചു. വൈദികനെതിരെയുണ്ടായ ആക്രമണത്തെ അപലപിക്കാൻ ചേർന്ന യോഗത്തിൽ കൗൺസിലറുടെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം നഗരസഭയ്ക്കുള്ളിലും വൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.






