മലപ്പുറം: എടവണ്ണപ്പാറയിൽ പണിതീരാത്ത വീട് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ രണ്ടു പേർ പിടിയിലായി.
കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് സ്വദേശി മലാട്ടിക്കൽ വീട്ടിൽ റഷീദ് എന്ന നാടൻ റഷീദ് (40) ,വാഴക്കാട് എടവണ്ണപ്പാറ ചെറുവായൂർ സ്വദേശി ജുനൈദ് (40) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ എടവണ്ണപ്പാറയിലെ ജുനൈദിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ, എൽഎസ്ഡി,ഹാഷിഷ് ഓയിൽ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടികൂടിയത്.
2024 ൽ കൊണ്ടോട്ടിയിൽ 100 ഗ്രാമോളം എംഡിഎംഎയും കഞ്ചാവും പിടികൂടിയ കേസിലെ പ്രധാന പ്രതിയാണ് നാടൻ റഷീദ് . ഈ കേസിൽ കൂട്ടുപ്രതികൾ പിടിയിലായതിനെ തുടർന്ന് ഒളിവിൽ പോയ റഷീദിനെ 2 വർഷത്തിനു ശേഷമാണ് പിടികൂടാനായത്. ഇയാളുടെ പേരിൽ കൊണ്ടോട്ടി, മഞ്ചേരി എന്നിവിടങ്ങളിൽ ലഹരിക്കേസും കരിപ്പൂർ, കോട്ടക്കൽ സ്റ്റേഷനുകളിൽ റോബറി കേസും നിലവിലുണ്ട്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ എസ് പി കാർത്തിക് ബാലകുമാർ ,എസ് ഐ ആൻ്റണി ക്ലീറ്റസ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.






