ഗാസ സമാധാന ബോർഡിൽ ചേരാൻ ഇന്ത്യയെ അമേരിക്ക ക്ഷണിച്ചതോടെ അംഗമാകാനുള്ള ക്ഷണം ഇന്ത്യ സ്വീകരിക്കുമോ എന്നാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഇസ്രായേൽ-ഹമാസ് യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പായി ഗാസ സമാധാന ബോർഡിന്റെ രണ്ടാം ഘട്ട രൂപീകരണം വ്യാഴാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്.
ഗാസയുടെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സാങ്കേതിക സമിതിയുടെ മേൽനോട്ടം ഈ ബോർഡ് വഹിക്കും. കൂടാതെ വെടിനിർത്തൽ ചട്ടക്കൂടിന്റെ ഭാഗമായിരിക്കും. ഗാസ മുനമ്പിൽ സ്ഥിരത കൊണ്ടുവരികയും അതിന്റെ പുനർനിർമ്മാണത്തിനുള്ള തന്ത്രം വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ബോർഡിന്റെ ലക്ഷ്യം.
ഇന്ത്യയുൾപ്പെടെ കുറഞ്ഞത് നാല് രാജ്യങ്ങളെയെങ്കിലും ബോർഡിൽ ചേരാൻ യുഎസ് ക്ഷണിച്ചിട്ടുണ്ട്. ജോർദാൻ, ഗ്രീസ്, സൈപ്രസ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് ഞായറാഴ്ച ക്ഷണം ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ, കാനഡ, തുർക്കി, ഈജിപ്ത്, പരാഗ്വേ, അർജന്റീന, അൽബേനിയ എന്നിവയും ക്ഷണിച്ചതായി റിപ്പോർട്ടുണ്ട്.
എന്നാൽ, യുഎൻ ഘടനയിൽ മാറ്റം വരണമെന്നു വാദിക്കുന്ന രാജ്യമാണ് ഇന്ത്യയെങ്കിലും സംഘടനയെ ബലഹീനമാക്കരുതെന്നാണ് ഇന്ത്യയുടെ സമീപനം. ലോകരാജ്യങ്ങളുടെ താൽപര്യമനുസരിച്ചും ഏറക്കുറെ ജനാധിപത്യപരമായും പ്രവർത്തിക്കുന്ന സംഘടനയാണ് യു എൻ. ട്രംപിന്റെ ബോർഡാവട്ടെ അമേരിക്ക എന്ന വൻശക്തിയുടെ ശാക്തിക-വാണിജ്യ താൽപര്യമനുസരിച്ച്, ആ രാജ്യത്തിന്റെ അടുത്ത കൂട്ടാളികളുടെ കൂട്ടുകെട്ടാണ്.
രണ്ടാമതായി, പലസ്തീനെ സ്വതന്ത്ര രാജ്യമാക്കണമെന്ന ഇന്ത്യയുടെ പരമ്പരാഗത നയത്തിനും ഇതെതിരാണ്. ബോർഡിനു കീഴിൽ പലസ്തീൻ വെറുമൊരു കോളനി മാത്രമാകും. മാത്രമല്ല, ഗാസയിലെ ജനങ്ങളുടെ സ്വാതന്ത്രം അവഗണിച്ചുള്ള ഭരണമാവും നടക്കുക. മൂന്ന്, അംഗമാകാൻ ട്രംപ് പാക്കിസ്ഥാനെയും ക്ഷണിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ക്ഷണം സ്വീകരിക്കാനാണു സാധ്യത. ഇരുവരും അംഗങ്ങളായാൽ ബോർഡിലെ മത്സരം പ്രാദേശിക ശാക്തിക രാഷ്ട്രീയത്തിൽ ഉരസലുകളായി മാറിയേക്കും.
അതേസമയം, ക്ഷണം സ്വീകരിക്കുന്നതാണ് നല്ലതെന്നു വാദിക്കുന്നവർക്കും കാരണങ്ങളുണ്ട്. ട്രംപിനെ സന്തോഷിപ്പിച്ചാൽ അധിക തീരുവ പ്രശ്‌ന്ങ്ങളിൽ ഇളവ് ലഭിച്ചേക്കും. കൂടാതെ ട്രംപിന്റെ പാക്ക് ചായ്വ് ഒന്നു മയപ്പെട്ടേക്കാം. പലസ്തീൻ പ്രശ്നത്തിൽ പാക്കിസ്ഥാന്റെ ഇരട്ടത്താപ്പു പുറത്തുകൊണ്ടുവരാൻ ഇന്ത്യയ്ക്കാവും. കൂടാതെ ആഗോളകാര്യങ്ങളിൽ ഇടപെടാൻ ഇന്ത്യയ്ക്ക് അവസരം വേണമെന്ന വാദത്തിന് അംഗീകാരം ലഭിക്കും. ബോർഡ് വിട്ടു പോരാൻ ട്രംപ് അവസരം നൽകുന്നുണ്ടെന്നതാണ് ചെറിയൊരു ആശ്വാസം. സമിതിയിൽ 3 വർഷമാണ് അംഗങ്ങളുടെ കാ ലാവധി. അതുകഴിഞ്ഞാൽ സ്ഥിരാംഗത്വത്തിന് 100 കോടി ഡോളറാണ് ഫീസ്. ഇത് ആദ്യ വർഷം തന്നെ നൽകണം. നൽകിയില്ലെങ്കിൽ 3 വർഷം കഴിയുമ്പോൾ പുറത്താവും.
അതേസമയം, ബോർഡ് ഒഫ് പീസിൽ ചേരാൻ ഇസ്രായേലിനും ക്ഷണമുണ്ട്. എന്നാൽ ഇസ്രായേൽ ക്ഷണം സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. കാരണം ട്രംപ് പ്രഖ്യാപിച്ച ബോർഡ് അംഗങ്ങളുടെ പട്ടികയിൽ ഇസ്രയേൽ വിയോജിപ്പ് അറിയിച്ചിരുന്നു. ബോർഡ് അംഗങ്ങളിൽ തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളുടെ സാന്നിധ്യമാണ് ഇസ്രായേലിനു പ്രശനമായത്. യുറോപ്യൻ യൂണിയനെയും റഷ്യ, തായ്ലാൻഡ് എന്നീ രാജ്യങ്ങളെയും ട്രംപ് ക്ഷണിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ ഇന്ത്യയുടെ പ്രാധാന്യം കൂടിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, സമാധാനം നിലനിർത്താനും രാജ്യങ്ങൾ തമ്മിൽ ധാരണ ഉണ്ടാക്കാനും ഇന്ത്യ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യ പോലുള്ള പ്രമുഖ ആഗോള രാഷ്ട്രങ്ങളുടെ പങ്കാളിത്തത്തോടെ, മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന ശ്രമമാണ് ട്രംപിന്റെ സംരംഭം.










