ജനങ്ങൾക്ക് ഉപകാരപ്രഥമാകുന്ന പുതിയ പുതിയ സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ തിരക്കിലാണ് സംസ്ഥാന സർക്കാർ. ഇപ്പോഴിതാ ദിവസേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന സാധാരണക്കാരന്റെ ആവശ്യങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും പരിഹരിക്കാനുള്ള ലക്ഷ്യത്തോടെ സ്മാർട്ടി എന്ന എഐ അധിഷ്ഠിത കോൾ സെന്റർ സംവിധാനമാണ് പ്രവർത്തനസജ്ജമായിരിക്കുന്നത്. വിവിധ സേവനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഇനി മുതൽ ഈ കോൾ സെൻറർ വഴി വിവരങ്ങളും പരാതി പരിഹാരങ്ങളും എളുപ്പത്തിൽ ലഭ്യമാകും.
എന്താണ് സ്മാർട്ടി?
സ്മാർട്ടി ഒരു എഐ അധിഷ്ഠിത കോൾ സെന്റർ പ്ലാറ്റ്ഫോം ആണ്, ഇത് കോൾ സെന്ററിന്റെ പ്രവർത്തനങ്ങളെ സ്വയം ഓട്ടോമേറ്റ് ചെയ്ത് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കും. സാധാരണ കോൾ ഹാൻഡ്ലിംഗ്, ചാറ്റ്, ഇമെയിൽ, വോയിസ് അസിസ്റ്റന്റ് മുതലായ സേവനങ്ങൾ സ്മാർട്ടി എഐ മുഖാന്തിരം നിർവഹിക്കുന്നു. അതിൽ Natural Language Processing (NLP) ഉപയോഗിച്ച് ഉപഭോക്തൃ ഭാഷ മനസ്സിലാക്കാനും, Machine Learning ഉപയോഗിച്ച് കോൾ ട്രെൻഡുകളും ഉപഭോക്തൃ മാതൃകകളും പഠിക്കാനും കഴിയും.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സാങ്കേതിക വിദ്യ മനുഷ്യസൗഹൃദമായി മാറുന്ന ഈ ശ്രമം, തദ്ദേശ ഭരണ സംവിധാനത്തിന്റെ പ്രവർത്തനരീതിയിൽ തന്നെ ഒരു പുതുമയായാണ് കാണുന്നത്.
സാങ്കേതിക വിദ്യയെ ഭരണനിർവഹണത്തിൻറെ ഭാഗമാക്കി മാറ്റുന്നതിൽ കേരളം കൈവരിച്ച പുതിയ നേട്ടമാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇതിനകം നടപ്പിലാക്കിയ ‘കെ-സ്മാർട്ട്’ പദ്ധതിയുടെ വൻ വിജയത്തിന്റെ തുടർച്ചയായാണ് പുതിയ എഐ സംവിധാനം അവതരിപ്പിക്കുന്നത്.
കെ-സ്മാർട്ട് വഴി ഫയലുകൾ കൈകാര്യം ചെയ്യുന്നതിലും തീർപ്പാക്കുന്നതിലും വിപ്ലവകരമായ മാറ്റമാണ് ഉണ്ടായതെന്ന് മന്ത്രി കണക്കുകൾ സഹിതം വിശദീകരിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാക്കിയതിന് ശേഷം 95 ലക്ഷത്തിലധികം ഫയലുകൾ ജനറേറ്റ് ചെയ്തതിൽ 30 ലക്ഷത്തോളം ഫയലുകൾ വെറും 24 മണിക്കൂറിനുള്ളിൽ തന്നെ തീർപ്പാക്കാൻ കഴിഞ്ഞത് ഭരണനിർവഹണത്തിൽ സാങ്കേതികവിദ്യ സൃഷ്ടിച്ച കാര്യക്ഷമതയുടെ തെളിവാണ്.
ഇതിൽ തന്നെ ഒൻപത് ലക്ഷത്തോളം ഫയലുകൾ വെറും ഒരു മണിക്കൂറിനുള്ളിൽ തീർപ്പാക്കാൻ സാധിച്ചു എന്നത് ഭരണരംഗത്തു നേടാൻ കഴിഞ്ഞ അവിശ്വസനീയമായ വേഗതയെയാണ് സൂചിപ്പിക്കുന്നത്. അവധി ദിനങ്ങളിൽ പോലും മൂന്നര ലക്ഷത്തിലധികം ഫയലുകൾ ജീവനക്കാർക്ക് തീർപ്പാക്കൻ സാധിച്ചു. വീഡിയോ കെവൈസി വഴി വിവാഹ രജിസ്‌ട്രേഷൻ നടത്താനുള്ള സംവിധാനം കേരളത്തിൽ വലിയ മാറ്റമാണ് കൊണ്ടുവന്നത്. വിദേശത്തിരിക്കുന്നവർക്ക് പോലും നാട്ടിലെത്താതെ തന്നെ വിവാഹം രജിസ്റ്റർ ചെയ്യാമെന്നത് കെ-സ്മാർട്ടിന്റെ സവിശേഷതയാണ്.
89,000-ത്തിലധികം വിവാഹങ്ങളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തത്. കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ കാര്യത്തിലും ഇതേ വേഗത പ്രകടമാണ്. 84,000ത്തോളം സെൽഫ് സർട്ടിഫൈഡ് പെർമിറ്റുകൾ നൽകിയതിൽ 32,000-ത്തിലധികവും 24 മണിക്കൂറിനുള്ളിൽ അനുവദിക്കാൻ കഴിഞ്ഞു. നഗരസഭകളിൽ ഫയലുകൾക്കായി മാസങ്ങളോളം കാത്തുനിൽക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് ഇതോടെ വലിയ പരിഹാരമായിരിക്കുകയാണ്.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പുതിയ സോഫ്റ്റ്വെയറുകൾ വഴി ഡാറ്റ ശുദ്ധീകരണം നടത്തിയപ്പോൾ നികുതി വലയ്ക്ക് പുറത്തുണ്ടായിരുന്ന ഒന്നര ലക്ഷത്തോളം കെട്ടിടങ്ങൾ മുൻസിപ്പാലിറ്റികളിൽ മാത്രം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
ഇതിലൂടെ 393 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാരിലേക്ക് എത്തിയത്. അതുപോലെ തദ്ദേശ റോഡുകളുടെ വിവരശേഖരണത്തിനായി ‘ആർ ട്രാക്ക്’ എന്ന ജിഐഎസ് അധിഷ്ഠിത സോഫ്റ്റ്വെയർ ഉപയോഗിച്ചതും ചരിത്രപരമായ നീക്കമാണ്. ഇത് വഴി ഒന്നര ലക്ഷത്തിലധികം കിലോമീറ്റർ റോഡുകളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ സാധിച്ചുവെന്ന് മന്ത്രി എം ബി രാജേഷ് ഇതിനകം വ്യക്തമാക്കി.ഇത്തരം പുതിയ സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നതിലൂടെ ജനങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യം എളുപ്പമാക്കി കൊടുക്കാനാണ് സർക്കാർ ലക്ഷ്യംവെക്കുന്നത്.




