കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് നാഗപട്ടണം സ്വദേശിനിയായ ഇസൈവാണി (40) എന്ന യുവതിയെയാണ് കാരയ്ക്കൽ –എറണാകുളം എക്സ്പ്രസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുതുച്ചേരി കാരയ്ക്കലിൽ നിന്ന് വൈകിട്ട് 4.30ന് പുറപ്പെട്ട ട്രെയിനിലാണ് സംഭവം നടന്നത്. ട്രെയിൻ എറണാകുളത്ത് എത്തിയ ശേഷം കോച്ചിൽ കയറിയ യാത്രക്കാരാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
റെയിൽവേ പോലീസ് സ്ഥലത്തെത്തി യുവതിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇസൈവാണിക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ തുടർന്ന് രാവിലെ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകൾ വൈകിയോടിയതായി അധികൃതർ അറിയിച്ചു.










