പാലക്കാട്: വടക്കഞ്ചേരി– ഗോവിന്ദാപുരം ഹൈവേയ്ക്ക് കേന്ദ്രത്തിന്റെ ബ്രേക്ക്; ഭാരത്‌മാലയിൽ ദേശീയപാതയാക്കൽ നടപടികൾ നിർത്തിപാലക്കാട്:കൊല്ലങ്കോട് ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കഞ്ചേരി-ഗോവിന്ദാപുരം സംസ്ഥാനാന്തര പാത ദേശീയപാതയാക്കി ഉയർത്താനുള്ള നടപടികൾ നിർത്തലാക്കി. ഗോവിന്ദാപുരത്തിനപ്പുറം തമിഴ്നാട്ടിൽ ഈ പാത ഇതിനകം രണ്ടു വരിയാക്കി വികസനം പൂർത്തിയാക്കിയിരിക്കെയാണു സംസ്ഥാനത്തെ റോഡ് വികസന പദ്ധതി നിർത്തിവച്ചത്.
ഭാരത്‌മാല രണ്ടിന്റെ ഭാഗമായ പദ്ധതിയാണു നിർത്താൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. ദേശീയപാതയാക്കാനുള്ള പഠനങ്ങൾ നടത്തി സർവേ റിപ്പോർട്ട് നൽകി വിശദമായ പദ്ധതി രൂപരേഖ (ഡിപിആർ) തയാറാക്കുന്നതിലേക്കു കടക്കാനുള്ള ഒരുക്കത്തിലായിരുന്നു.കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ ഓർഗനൈസേഷൻ ലിമിറ്റഡാണു (കിറ്റ്കോ) പഠനം നടത്തിയത്. കൊച്ചിയെയും തമിഴ്നാട്ടിലെ തൂത്തുക്കുടിയെയും ബന്ധിപ്പിക്കുന്ന പ്രധാന സംസ്ഥാനാന്തര പാതയാണു വടക്കഞ്ചേരി–ഗോവിന്ദാപുരം പാത. ശബരിമല, ഗുരുവായൂർ ഉൾപ്പെടെയുള്ള തീർഥാടന കേന്ദ്രങ്ങളിലേക്കും കൊച്ചിയിലേക്കും തമിഴ്നാട്ടിൽ നിന്നുള്ളവർക്ക് എത്താനും പഴനി, മധുര തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കു മലയാളികൾക്കു പോകാനും ആശ്രയമായ റോഡാണിത്.
വടക്കഞ്ചേരി– ഗോവിന്ദാപുരം റോഡ് ദേശീയപാതയാക്കുന്ന പദ്ധതി നിർത്തിയതോടെ കൊല്ലങ്കോട്, നെന്മാറ ബൈപാസുകളുടെ ഭാവി അനിശ്ചിതത്വത്തിലായി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കൊല്ലങ്കോട്, നെന്മാറ ബൈപാസുകളുടെ തുടർ നടപടികൾ ദേശീയപാതയാക്കുന്ന നടപടികളുടെ ഭാഗമായി നിർത്തിവച്ചിരുന്നു. 2009ൽ കൊല്ലങ്കോട് ബൈപാസിനായി 13 കോടി രൂപയും 2016ൽ നെന്മാറ ബൈപാസിനായി 32.48 കോടി രൂപയും അനുവദിച്ചതാണ്.
കൊല്ലങ്കോട് ബൈപാസിനു സ്ഥലം ഏറ്റെടുക്കൽ നടപടിയിലേക്കു കടന്നു. എന്നാൽ ദേശീയപാത പ്രഖ്യാപനം വന്ന സ്ഥിതിയിൽ കേന്ദ്ര നിലപാട് അനുസരിച്ചു മാത്രമേ ബൈപാസ് വിഷയം പരിഗണിക്കുകയുള്ളൂവെന്നു പൊതുമരാമത്ത് വകുപ്പു തീരുമാനിക്കുകയായിരുന്നു. കൊല്ലങ്കോട്, നെന്മാറ ബൈപാസുകൾ പരിഗണിച്ചുള്ള സർവേ റിപ്പോർട്ടാണ് ദേശീയ പാതയ്ക്കു നൽകിയിരുന്നത്. ദേശീയ പാത പദ്ധതി നിർത്തി വച്ചതോടെ ബൈപാസുകളുടെ ഭാവി പൊതുമരാമത്തു വകുപ്പു നിശ്ചയിക്കും.






