ന്യൂഡല്‍ഹി: സിബിഎസ്‌ഇ പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനായുള്ള അപേക്ഷ നല്‍കാനുള്ള സൗകര്യം പോര്‍ട്ടല്‍ വഴി വീണ്ടും ലഭ്യമായി.
ഇന്നലെ രാവിലെ മുതല്‍ അര്‍ധരാത്രി വരെ വെബ്‌സൈറ്റുകള്‍ പൂര്‍ണമായും പണിമുടക്കിയിരുന്നു. ഇപ്പോഴുള്ള ക്രമീകരണ പ്രകാരം, അപേക്ഷകള്‍ ഈ മാസം 6 വരെ സമര്‍പ്പിക്കാനാകും.
സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനത്തില്‍ സംഭവിച്ച പിഴവ് നേരത്തെ സമ്മതിച്ചതായും വിവരം ലഭിച്ചു. ഉത്തരക്കടലാസുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി ഓണ്‍സ്ക്രീന്‍ മാര്‍ക്കിങ് (OSM) രീതിയില്‍ മൂല്യനിര്‍ണയം നടത്തുന്നതില്‍ പാളിച്ച ഉണ്ടായിരുന്നുവെന്ന് സിബിഎസ്‌ഇ വിശദീകരിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഈ വീഴ്ചയില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് ട്രയല്‍ റണ്ണില്‍ തന്നെ പിഴവുകള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. മുന്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് പ്രധാന പരീക്ഷകളില്‍ OSM രീതി നടപ്പാക്കിയത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉത്തരക്കടലാസുകള്‍ സ്കാന്‍ ചെയ്യാനുള്ള കരാറില്‍ ക്രമക്കേടുണ്ടായെന്നും, കരാറിനുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി ചില കമ്പനികള്‍ക്ക് അപേക്ഷിക്കാനാവാതിരിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ സജ്ജമാക്കിയെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.






