പാലക്കാട്: അമിതഭാരം ആരോപിച്ച് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം പിടികൂടിയ ചരക്കുവാഹനങ്ങളിലെ ഉടമകളിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ 3.5 ലക്ഷം രൂപ കൈക്കൂലി പണവുമായി ജിഎസ്ടി ഇന്റലിജൻസ് ഓഫിസറെ പാലക്കാട് വിജിലൻസ് പിടികൂടി. പുതുശ്ശേരി ജവഹർ നഗർ സ്വദേശി സുമൻ (55) ആണ് അറസ്റ്റിലായത്. പാലക്കാട് ജിഎസ്ടി ഓഫിസിലുള്ള വാളയാർ സ്ക്വാഡിലെ ഇന്റലിജൻസ് ഓഫിസറാണ് ഇയാൾ.
രണ്ടാഴ്ച മുൻപ് സ്ക്രാപ് കയറ്റി വന്ന രണ്ടു വാഹനങ്ങൾ സുമന്റെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് സ്ക്വാഡ് പരിശോധനയ്ക്കിടെ പിടികൂടിയിരുന്നു. അമിത ഭാരം ആരോപിച്ചാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. ഇതിനു പിഴയും ചുമത്തി. ഇതൊഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു. 4 ലക്ഷം രൂപയാണ് സുമൻ ആവശ്യപ്പെട്ടത്. തുടർന്ന് 3.5 ലക്ഷം രൂപ പറഞ്ഞ് ഉറപ്പിക്കുകയായിരുന്നു. ഇത് വാങ്ങാൻ ഉച്ചയോടെ പുതുശ്ശേരി കുരുടിക്കാട് വച്ച് ഒരുങ്ങുനത്തിനിടെയാണ് ലോറിക്കാരുടെ വേഷത്തിലെത്തിയ വിജിലൻസ് ടീം സുമനെ പിടികൂടിയത്.






