മുംബൈ: നാഗ്പൂരിൽ വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. യുവതിയുടെ മുൻ സഹപാഠിയായ അയ്യാസ് താജ് മദാരെ (26), അമീൻ ഷെയ്ഖ് (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസിലെ മൂന്നാം പ്രതിക്കായി അന്വേഷണം തുടരുകയാണ്.
2025 ഫെബ്രുവരിയിൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഒരു പ്ലോട്ട് കാണിക്കാമെന്ന വ്യാജേന യുവതിയെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. അവിടെ വെച്ച് ലഹരി കലർന്ന പാനീയം നൽകി ബോധരഹിതയാക്കിയ ശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തുവെന്നാണ് ആരോപണം.
തുടർന്ന് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പലതവണ ലൈംഗികമായി ചൂഷണം ചെയ്യുകയും മൂന്ന് ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയും ചെയ്തതായി യുവതി പരാതിയിൽ വ്യക്തമാക്കുന്നു.
ഇതിനുപുറമെ, മതം മാറ്റാൻ സമ്മർദം ചെലുത്തിയതായും പരാതിയിലുണ്ട്. മെയ് മാസത്തിൽ നഗരപരിസരത്തെ ഒരു സ്ഥലത്ത് കൊണ്ടുപോയി മതപരമായ ചടങ്ങുകൾ നടത്തിയതായും, തുടർന്ന് മതപരിവർത്തനം നടന്നതായി പ്രഖ്യാപിച്ചതായും യുവതി ആരോപിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
സംഭവങ്ങൾക്ക് ശേഷം പ്രതി യുവതിയെ വിവാഹം കഴിച്ചതായി പ്രഖ്യാപിക്കുകയും വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. വിവാഹിതയായതിനാൽ ഭയന്ന് സംഭവം പുറത്തുപറയാതിരുന്ന യുവതി പിന്നീട് ഭർത്താവിനോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ജൂൺ 13-ന് പോലീസിൽ പരാതി നൽകി.
ബലാത്സംഗം, ഭീഷണിപ്പെടുത്തി പണം തട്ടൽ, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






