തൃശ്ശൂർ: തൃശ്ശൂർ കേച്ചേരി വെട്ടുകാട് പ്രദേശത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. വെട്ടുകാട് രായമരയ്ക്കാർ വീട്ടിൽ ഹംസയുടെ മക്കളായ ഫായിസ ഫാത്തിമ (10), അസീം (5) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു കുട്ടികൾക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്.
പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ കേച്ചേരി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും, അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.






