തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം റോഡില്‍ അലക്ഷ്യമായി നിര്‍ത്തിയിട്ട ലോറിയും പ്രദേശത്ത് ലൈറ്റ് ഇല്ലാത്തതെന്നും ആരോപണം. അനധികൃതമായി മൂന്നു ലോറികള്‍ അപകടസമയത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ ഇതില്‍ രണ്ടു ലോറികളുമായി ഡ്രൈവര്‍മാര്‍ സ്ഥലം വിട്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇവിടെ ലോറികൾ ഇങ്ങനെ സ്ഥിരമായി പാർക്ക് ചെയ്തിടാറുണ്ട്. വെളിച്ചക്കുറവും ദിശാസൂചിക ബോര്‍ഡ് കൃത്യമായ സ്ഥലത്ത് സ്ഥാപിക്കാതിരുന്നതും അപകടത്തിനുള്ള കാരണങ്ങളായി നാട്ടുകാർ പറയുന്നു.
ഇന്നലെ രാത്രി 12 മണിയോടെയാണ് ഗുരുവായൂര്‍ ഭാഗത്തു നിന്നു വന്ന കാര്‍ നിര്‍ത്തിയിട്ട ലോറിയിലിടിച്ച് ആണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവരെല്ലാം സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവര്‍ ഡിണ്ടിഗല്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ്. കൃത്യമായ സിഗ്‌നലുകള്‍ നല്‍കിയിട്ടില്ലെങ്കില്‍ ദീര്‍ഘദൂര വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് അത് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. പലപ്പോഴും റോഡില്‍ നിർത്തിയിട്ടിരിക്കുന്ന ലോറികൾ കാണാൻ പറ്റില്ല.
നേരത്തെയും ഇത്തരത്തില്‍ അപകടം ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഹാസ്യനടനും മിമിക്രി ആര്‍ട്ടിസ്റ്റുമായിരുന്ന കൊല്ലം സുധിയുടെ ജീവനെടുത്തതും കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിലായിരുന്നു. ലോറി നിര്‍ത്തിയിട്ടതില്‍ അനാസ്ഥയുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് മന്ത്രി ഒ ജെ ജനീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.




