കോട്ടയം: ചിറ്റാർ പുഴയിൽ മാലിന്യം കൂടി ഒഴുകുകയാണ് കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്തുകൂടി. വേനൽച്ചൂടിൽ ഒഴുക്കുനിലച്ചതോടെ മാലിന്യം ചാക്കിലും കൂടുകളിലും കെട്ടി തള്ളിയിരിക്കുന്നത് കാണാൻ കഴിയും. പഞ്ചായത്തിൽ മാലിന്യം ഏറ്റെടുക്കുന്നത് നിലച്ചതോടെ ചിറ്റാർപുഴയിലേക്കുള്ള മാലിന്യം തള്ളൽ കൂടിയിരിക്കുകയാണ്.
കാഞ്ഞിരപ്പള്ളി പേട്ടക്കവല ഭാഗം, കോവിൽക്കടവ് ഭാഗം, ആനിത്തോട്ടം, അഞ്ചിലിപ്പ പാലം എന്നിവിടങ്ങളിൽ മാലിന്യം കുന്നുകൂടിയ നിലയിലാണ്. കോവിൽക്കടവിൽ കുളിക്കടവിലേക്ക് ഇറങ്ങാൻ കഴിയാത്ത രീതിയിൽ മാലിന്യം നിറഞ്ഞു. ചിറ്റാർപുഴയുടെ കൈത്തോടുകളായ ആനക്കല്ല് തോട്, പടപ്പാടി തോട് എന്നിവിടങ്ങളിൽ മാലിന്യം നിറഞ്ഞ നിലയിലാണ്. ഇവിടെ പലയിടങ്ങളിലും അറവുശാലകളിൽനിന്നുള്ള മാലിന്യം വരെ തള്ളുന്നു.
ഇവിടെയുള്ള തോടുകളിൽ വന്നടിയുന്ന മണ്ണും ചെളിയും നീക്കം ചെയ്യാത്തതിനാൽ ആഴംകുറഞ്ഞ് പലയിടങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്. മഞ്ഞപ്പള്ളി, ആനക്കല്ല് ഗവ. സ്കൂൾ ഭാഗം, ആനക്കല്ല് ടൗൺ, ആനിത്തോട്ടം തുടങ്ങിയ പ്രദേശങ്ങളിൽ വീടുകളിലും കടകളിലും സ്ഥിരമായി വെള്ളം കയറുന്നുണ്ട്. വേനൽക്കാലത്ത് മണ്ണും ചെളിയും നീക്കിയാൽ മഴക്കാലത്ത് പെട്ടെന്ന് വെള്ളം കയറുന്നത് തടയാൻ പറ്റുന്നതാണ്.






