തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. രാത്രി ഏഴ് മണിക്ക് ശേഷമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയാണ് വിവിധ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുക.
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ 400 മുതൽ 500 മെഗാവാട്ട് വരെ വർധനവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.
മഴ ലഭ്യത കുറഞ്ഞാൽ വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്ന് കെഎസ്ഇബി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്.
എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ഉപയോഗം ഗണ്യമായി വർധിച്ചതിനൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറയാൻ കാരണമായി.
കെഎസ്ഇബി ഡാമുകളിൽ നിലവിൽ ആകെ സംഭരണ ശേഷിയുടെ 28 ശതമാനം മാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞ ദിവസത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം 24 ദശലക്ഷം യൂണിറ്റായിരുന്നു. എന്നാൽ സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗം 86.46 ദശലക്ഷം യൂണിറ്റായി ഉയർന്നു.
കേന്ദ്ര വിഹിതവും ഉയർന്ന നിരക്കിലുള്ള വൈദ്യുതി കരാറുകളും ആശ്രയിച്ചാണ് നിലവിൽ സംസ്ഥാനത്തെ വൈദ്യുതി വിതരണം മുന്നോട്ടുകൊണ്ടുപോകുന്നത്.




