തൃശ്ശൂർ: മാള പള്ളിപ്പുറം സെന്റ് ആന്റണീസ് തീര്‍ഥ കേന്ദ്രത്തില്‍ ഊട്ടുതിരുനാളില്‍ പങ്കെടുക്കാന്‍ ജാതിമതഭേദമന്യേ പതിനായിരങ്ങളെത്തി. വികാരി ജനറല്‍ മോണ്‍.റോക്കി റോബിന്‍ കളത്തില്‍ ഊട്ടു നേര്‍ച്ചയുടെ ആശീര്‍വാദം നിര്‍വഹിച്ചു. പള്ളിയങ്കണത്തില്‍ സ്ഥാപിച്ച 300 തിരുശേഷിപ്പുകളുടെ വണക്കത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. രൂപത ചാന്‍സലര്‍ ഡോ.ഹെല്‍വെസ്റ്റ് റൊസാരിയോ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു.
തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും എപ്പിസ്‌ക്കോപ്പല്‍ വികാരി ഡോ.ഫ്രാന്‍സിസ്‌കോ പടമാടന്റെ കാര്‍മികത്വത്തില്‍ കുര്‍ബാനയും നടന്നു. ഫാ.ഫ്രാന്‍സണ്‍ കുരിശിങ്കല്‍ വചന സന്ദേശം നല്‍കി. തുടര്‍ന്ന് സിറിയന്‍ റീത്തിലും തമിഴ്, ലത്തീന്‍ റീത്തുകളിലും കുര്‍ബാനകള്‍ ഉണ്ടായിരുന്നു. ലത്തീന്‍ ഭാഷയിലുള്ള കുര്‍ബാനയ്ക്ക് ഫാ.ക്ലോഡിന്‍ ബിവേര കാര്‍മികത്വം വഹിച്ചു. കുടുംബ യൂണിറ്റുകളുടെ വാര്‍ഷികവും സാംസ്‌കാരിക സമ്മേളനവും രൂപത ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ.പ്രവീണ്‍ കുരിശിങ്കല്‍ ഉദ്ഘാടനം ചെയ്തു.




