ആലപ്പുഴ: കുട്ടനാട് എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിന്ന യാത്രക്കാരനുനേരെ തെരുവുനായ ആക്രമണം. എടത്വ തോട്ടുമാലിച്ചിറ വീട്ടിൽ ടി.കെ. നടരാജനാണ് പരിക്കേറ്റത്. കഴിഞ്ഞ രാത്രി ഒൻപതോടെയായിരുന്നു സംഭവം. വീട്ടിലേക്ക് പോകാനായി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് നായ ഓടിയെത്തി നടരാജന്റെ കാലിൽ കടിച്ചത്.
പരിക്കേറ്റ നടരാജനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടത്വ കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമായിരിക്കെ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഡിപ്പോയ്ക്കുള്ളിലും ബസുകൾക്കിടയിലും നായകൾ തമ്പടിക്കുന്നത് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്നാണ് പരാതി.
രാത്രികാലങ്ങളിൽ വെളിച്ചക്കുറവുള്ള ഭാഗങ്ങളിൽ നായക്കൂട്ടങ്ങൾ യാത്രക്കാരെ ആക്രമിക്കാൻ ശ്രമിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. തെരുവുനായ ശല്യം നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതരും കെഎസ്ആർടിസി ഭരണകൂടവും അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഡിപ്പോ പരിസരത്തെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാത്തതാണ് തെരുവുനായകൾ പെരുകാൻ കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്.




