പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ നടന്ന കൂട്ടബലാത്സംഗ കേസിലെ പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന. ഒന്നാംപ്രതി മരണ സുബിനെയും കൂട്ടുപ്രതി ബർലിൻ ദാസിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് നാല് പ്രതികൾ ഒളിവിലാണ്.
സ്പായിലെ സഹപ്രവർത്തകയും ക്രൂരപീഡനത്തിന് ഒത്താശ ചെയ്തതായി അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ട്.അതീജിവിതയിലേക്കും അവരുടെ ആൺസുഹൃത്തിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കും. കേസിൽ കൂടുതൽ പേർ പ്രതികളാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നു. തിരുവല്ലയിൽ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള ചില പൊലീസുകാർ മാസപ്പടി കൈപ്പറ്റുന്നുവെന്ന ആരോപണത്തെ തുടർന്ന് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്ന് പത്തനംതിട്ട എസ്‌പി ആർ. ആനന്ദ് അറിയിച്ചു. സംഭവത്തിൽ പൊലീസ് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും, സ്പാ ഉടമ ഉന്നയിച്ച ക്വട്ടേഷൻ’ ആരോപണവും അന്വേഷിക്കുമെന്നും എസ്‌പി വ്യക്തമാക്കി. നിലവിൽ കേസിൽ ആറുപേരാണ് പ്രതികൾ. ഒളിവിലുള്ള നാല് പേരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കേസിൽ അതിജീവിത അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്ന് പൊലീസ് പറയുന്നു. കഴുത്തിൽ കത്തി വെച്ച് പ്രതി സുബിൻ പീഡിപ്പിച്ചതായും, സ്പായിലെത്തിയ ഉപഭോക്താക്കളുമായി നഗ്ന വീഡിയോകൾ പകർത്തിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ബിസിനസ് എതിരാളികൾ നൽകിയ ക്വട്ടേഷന്റെ ഭാഗമായാണ് ക്രിമിനൽ സംഘം ആക്രമണം നടത്തിയതെന്നതാണ് സ്പാ ഉടമയുടെ ആരോപണം.




