ധാക്ക: ഷെയ്ഖ് ഹസീന പുറത്തായ ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്ന ബംഗ്ലാദേശിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്. 151 എന്ന കേവലഭൂരിപക്ഷം കടന്ന ബിഎൻപി നിലവിൽ 158 സീറ്റുകളിൽ മുന്നിലാണ്. ജമാഅത്തെ മുന്നണി 41 സീറ്റുകളിൽ വിജയം നേടിയിട്ടുണ്ട്. വോട്ടെണ്ണൽ തുടരുകയാണ്.
അന്തരിച്ച മുൻ പ്രധാനമന്ത്രിഖാലിദ സിയയുടെ മകനും മുൻ പ്രസിഡന്റ് സിയാവുർ റഹ്മാൻന്റെ പുത്രനുമായതാരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകാനിടയുണ്ട്. 1981ൽ സൈനിക കലാപത്തിനിടെ സിയാവുർ റഹ്മാൻ കൊല്ലപ്പെടുമ്പോൾ താരിഖിന് വെറും 16 വയസായിരുന്നു. അതിനു ശേഷമാണ് ഖാലിദ സിയ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നത്.
ഖാലിദ സിയയുടെ ഭരണകാലത്ത് പാർട്ടിയിലും സർക്കാരിലും പ്രധാന സ്വാധീനശക്തിയായി താരിഖ് മാറി. എന്നാൽ ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് അഴിമതി കേസുകളിൽ പ്രതിയായ അദ്ദേഹം ചില കേസുകളിൽ ശിക്ഷിക്കപ്പെടുകയും 2008 മുതൽ ലണ്ടനിൽ പ്രവാസജീവിതം നയിക്കുകയും ചെയ്തു. 17 വർഷത്തോളം വിദേശത്ത് നിന്നാണ് പാർട്ടിയെ നയിച്ചത്.
2024ൽ ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെ താരിഖ് റഹ്മാനെതിരായ ക്രിമിനൽ കേസുകൾ റദ്ദാക്കപ്പെട്ടു. തുടർന്ന് കഴിഞ്ഞ ഡിസംബറിൽ അദ്ദേഹം ബംഗ്ലാദേശിലേക്ക് മടങ്ങി. ഖാലിദ സിയയുടെ മരണത്തിന് പിന്നാലെ ബിഎൻപിയുടെ ചെയർമാനായി ചുമതലയേറ്റതും താരിഖ് തന്നെയാണ്.
ഈ തെരഞ്ഞെടുപ്പ് ഇന്ത്യയ്ക്കും നിർണായകമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താരിഖ് റഹ്മാനെ ഫോണിൽ വിളിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. തീവ്ര ഇന്ത്യ വിരുദ്ധ ശക്തികളുടെ പരാജയം നല്ല സൂചനയെന്ന നിലപാടിലാണ് ഇന്ത്യ. അതേസമയം അവാമി ലീഗ്
ക്കെതിരായ നിരോധനം നീക്കണമെന്ന നിലപാടിൽ ഇന്ത്യ ഉറച്ച് നിൽക്കുന്നതായും സൂചനകളുണ്ട്.




