തൃശ്ശൂർ: വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 14.78 കോടി രൂപയുടെ ധനാനുമതി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) അനുവദിച്ചു.
ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗമാണ് ഭൂമി ഏറ്റെടുക്കലിന് ഫിനാൻഷ്യൽ സാങ്ഷൻ നൽകിയത്. യോഗത്തിന് ശേഷം ചേർന്ന വാർത്താസമ്മേളനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഇക്കാര്യം വ്യക്തമാക്കി. 2026– 27 സാമ്പത്തിക വർഷത്തെ ബജറ്റ് ചർച്ചയിൽ വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിന് ധനാനുമതി നൽകണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചിരുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ അനുമതി. വടക്കാഞ്ചേരി ബൈപ്പാസ് നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് ഹൈവേ ഡിസൈൻ യൂണിറ്റ് തയ്യാറാക്കിയ 223 കോടി രൂപയുടെ ഡി.പി.ആർ കിഫ്ബിക്ക് സമർപ്പിച്ചിരുന്നു.
കിഫ്ബി പ്രോജക്ട് അപ്രൈസൽ ഡിവിഷൻ അലൈൻമെന്റ് പ്രദേശത്ത് നേരിട്ട് പരിശോധന നടത്തി ഡി.പി.ആറിന്റെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി. തുടർന്ന് പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് രണ്ട് അവലോകന യോഗങ്ങളും ചേർന്നു. ബൈപ്പാസിലെ റെയിൽവേ മേൽപ്പാലത്തിനായുള്ള ടോപ്പോഗ്രാഫിക് സർവെയും സോയിൽ ഇൻവെസ്റ്റിഗേഷനും പൂർത്തിയാക്കിയ ശേഷം കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് തയ്യാറാക്കി റെയിൽവേയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. 27.60 കോടി രൂപയുടെ മേൽപ്പാലം നിർമ്മാണത്തിന് റെയിൽവേ ഭരണാനുമതിയും ലഭിച്ചു.
റെയിൽവേ മേൽപ്പാല നിർമ്മാണം സിംഗിൾ എന്റിറ്റിയായി കെ.ആർ.ഡി.സി.എൽ.യ്ക്ക് ഏൽപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. കൊടുങ്ങല്ലൂർ–ഷൊർണൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി, ഓട്ടുപാറ നഗരങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് ബൈപ്പാസ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സംസ്ഥാനപാത 22ൽ കരുതക്കാട് നിന്ന് ആരംഭിച്ച് അകമല വരെ 5.630 കിലോമീറ്റർ നീളത്തിലാണ് ബൈപ്പാസ് നിർമ്മിക്കുന്നത്. പദ്ധതിയുടെ നിർവഹണ ഏജൻസി കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) ആണ്.
പദ്ധതിയുടെ ഭാഗമായി കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ആർ.ഐ.ക്യു.സി.എൽ. എന്നിവരുടെ നേതൃത്വത്തിൽ മണ്ണ് പരിശോധനയും വാഹനഗതാഗത സാന്ദ്രത പഠനവും നേരത്തെ പൂർത്തിയാക്കിയിരുന്നു. തുടർന്ന് നാല് വാല്യങ്ങളുള്ള ഡി.പി.ആർ തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചു.കിഫ്ബിയുടെ ധനാനുമതി ലഭിച്ചതോടെ, “ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനുമുള്ള ആക്ട്” പ്രകാരമുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാനാകും. ഭൂമി ഏറ്റെടുക്കൽ പ്രക്രിയ തുടങ്ങുന്നതിനായി കെ.ആർ.എഫ്.ബി. അധികൃതർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.




