കോഴിക്കോട്: സെന്റ് ഓഫ് ആഘോഷത്തിന്റെ ഭാഗമായി റീല്സ് ചിത്രീകരിക്കാൻ എത്തിച്ച ആഡംബര വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. കോഴിക്കോട് മേപ്പയ്യൂരിലാണ് സംഭവം. മേപ്പയ്യൂര്‍ ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് ആഘോഷത്തിനായി വിവിധ ജില്ലകളിൽ നിന്ന് വാഹനങ്ങൾ എത്തിച്ചത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് എത്തിച്ച ഔഡി, ബെൻസ്, ഫോർച്യൂണർ, ഥാർ ഉൾപ്പെടെ 10 വാഹനങ്ങളാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിദ്യാർത്ഥികൾ ക്ലാസിൽ പ്രവേശിക്കാതെ പുറത്തുവെച്ച് വാഹനങ്ങളോടൊപ്പം റീല്സ് ചിത്രീകരിക്കാൻ ശ്രമിക്കുന്നതായി സ്കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് എസ്.എച്ച്.ഒ സിജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ടി.കെ. കൺവെൻഷൻ സെന്ററിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് വാഹനങ്ങൾ കണ്ടെത്തിയത്.
8,000 മുതൽ 12,000 രൂപ വരെ വാടക നൽകിയാണ് വാഹനങ്ങൾ എത്തിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചില വാഹനങ്ങൾ ഡൽഹി രജിസ്ട്രേഷനിലുള്ളവയാണെന്നും അറിയിച്ചു. വാഹനങ്ങൾ എത്തിച്ച ഡ്രൈവർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ നിർദേശം നൽകിയതായും പൊലീസ് അറിയിച്ചു.






