മലപ്പുറം: ഓൺലൈൻ പരസ്യത്തിലൂടെ വാഗ്ദാനം ചെയ്ത ആകർഷക ലാഭവിഹിതത്തിൽ നിക്ഷേപം നടത്തിയ വ്യക്തിക്ക് 47 ലക്ഷം രൂപ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കാളികാവ് പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ചേളന്നൂർ പറമ്പിൽ തൊടിയിൽ കെ. സോന , കോവൂർ സ്വദേശി പടിഞ്ഞാറം കണ്ടി റമീഷ് എന്നിവരെയാണ് പിടികൂടിയത്.
വാട്സാപ്പ് ഗ്രൂപ്പുകൾ വഴി വ്യാപാര നിക്ഷേപത്തിന് ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് വിശ്വാസം നേടിയ ശേഷമാണ് സംഘം തട്ടിപ്പ് നടത്തിയത്. തുടക്കത്തിൽ ചെറിയ തുകകളിൽ ലാഭം കൃത്യമായി നൽകി നിക്ഷേപകരുടെ വിശ്വാസം ഉറപ്പിച്ചു. തുടർന്ന് വലിയ തുകകൾ നിക്ഷേപിപ്പിച്ചശേഷം പണം പിൻവലിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് സ്വീകരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കോഴിക്കോട് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു. ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. ഇവരുടെ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
തങ്ങൾ തട്ടിപ്പുസംഘത്തിലെ ഏജന്റുമാർ മാത്രമാണെന്നാണ് പ്രതികൾ പോലീസിനോട് മൊഴി നൽകിയിരിക്കുന്നത്. മുഖ്യപ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ സോനയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.




