നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ മൂന്ന് മുന്നണികളും ശക്തമായ ത്രികോണ മത്സരത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തെ കാത്ത് രക്ഷിച്ച പിണറായി സർക്കാർ വീണ്ടും തുടര്ഭരണം ലക്ഷ്യം വെച്ച് മുന്നോട്ട് നീങ്ങുകയാണ്. ഈ സമയം ഇടത് കോട്ടയായ കണ്ണൂർ പിടിക്കാനുള്ള പ്ലാനിലാണ് കോൺഗ്രസ് നേതൃത്വം.
തുടർച്ചയായി രണ്ടുതവണ കൈവിട്ട കണ്ണൂർ നിയമസഭാമണ്ഡലം തിരിച്ചുപിടിക്കുകയെന്നത് യുഡിഎഫിന് അഭിമാനപ്രശ്നമാണ് എന്നത് വ്യക്തമാണ്. ഇത്തവണ ജയിച്ചിരിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പുകൾ പറയുന്നത്. എന്നാൽ, ഹാട്രിക്ക് വിജയമാണ് ലക്ഷ്യമെന്നാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ സീറ്റും പ്രധാനമാണെന്നതിനാൽ ഇരുമുന്നണികളും അതീവ ജാഗ്രതയിലാണ്. വോട്ടർപട്ടിക പരിഷ്കരണ പ്രവൃത്തിയിലടക്കമുള്ള ഇടപെടലുകളിൽ ഇത് പ്രകടവുമാണ്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് നേരിയ വ്യത്യാസത്തിനാണ് ഇടതുമുന്നണി രണ്ടുതവണയും കണ്ണൂരിൽ ജയിച്ചത്.
എന്നാൽ വലിയ പരീക്ഷണങ്ങൾക്ക് മുതിരാതെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ തന്നെ മൂന്നാമങ്കത്തിന് ഇറക്കാമെന്നാണ് ഇടതുമുന്നണിയിലെ ആലോചന എന്ന വാർത്തകളും പുറത്ത് വരുകയാണ്. ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടെങ്കിൽ മണ്ഡലം ഏറ്റെടുക്കാമെന്ന് സിപിഎമ്മിൽ ഒരുഘട്ടത്തിൽ ആലോചനയുണ്ടായിരുന്നു. എന്നാൽ, നിലവിൽ കടന്നപ്പള്ളി തുടരട്ടെയെന്നതാണ് ഇടത് മുന്നണിയുടെ ചിന്താഗതി. യുഡിഎഫിന് മേധാവിത്വമുള്ള കണ്ണൂർ മണ്ഡലം 2016-ലും 2021-ലും ജയിക്കാനായതിൽ കടന്നപ്പള്ളിയുടെ വ്യക്തിപരമായ സ്വാധീനം ഘടകമായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് സിപിഎം.










