നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ മൂന്ന് മുന്നണികളും ശക്തമായ ത്രികോണ മത്സരത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തെ കാത്ത് രക്ഷിച്ച പിണറായി സർക്കാർ വീണ്ടും തുടര്ഭരണം ലക്ഷ്യം വെച്ച് മുന്നോട്ട് നീങ്ങുകയാണ്. ഈ സമയം ഇടത് കോട്ടയായ കണ്ണൂർ പിടിക്കാനുള്ള പ്ലാനിലാണ് കോൺഗ്രസ് നേതൃത്വം.
തുടർച്ചയായി രണ്ടുതവണ കൈവിട്ട കണ്ണൂർ നിയമസഭാമണ്ഡലം തിരിച്ചുപിടിക്കുകയെന്നത് യുഡിഎഫിന് അഭിമാനപ്രശ്നമാണ് എന്നത് വ്യക്തമാണ്. ഇത്തവണ ജയിച്ചിരിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പുകൾ പറയുന്നത്. എന്നാൽ, ഹാട്രിക്ക് വിജയമാണ് ലക്ഷ്യമെന്നാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ സീറ്റും പ്രധാനമാണെന്നതിനാൽ ഇരുമുന്നണികളും അതീവ ജാഗ്രതയിലാണ്. വോട്ടർപട്ടിക പരിഷ്കരണ പ്രവൃത്തിയിലടക്കമുള്ള ഇടപെടലുകളിൽ ഇത് പ്രകടവുമാണ്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് നേരിയ വ്യത്യാസത്തിനാണ് ഇടതുമുന്നണി രണ്ടുതവണയും കണ്ണൂരിൽ ജയിച്ചത്.
എന്നാൽ വലിയ പരീക്ഷണങ്ങൾക്ക് മുതിരാതെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ തന്നെ മൂന്നാമങ്കത്തിന് ഇറക്കാമെന്നാണ് ഇടതുമുന്നണിയിലെ ആലോചന എന്ന വാർത്തകളും പുറത്ത് വരുകയാണ്. ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടെങ്കിൽ മണ്ഡലം ഏറ്റെടുക്കാമെന്ന് സിപിഎമ്മിൽ ഒരുഘട്ടത്തിൽ ആലോചനയുണ്ടായിരുന്നു. എന്നാൽ, നിലവിൽ കടന്നപ്പള്ളി തുടരട്ടെയെന്നതാണ് ഇടത് മുന്നണിയുടെ ചിന്താഗതി. യുഡിഎഫിന് മേധാവിത്വമുള്ള കണ്ണൂർ മണ്ഡലം 2016-ലും 2021-ലും ജയിക്കാനായതിൽ കടന്നപ്പള്ളിയുടെ വ്യക്തിപരമായ സ്വാധീനം ഘടകമായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് സിപിഎം.
ജനപ്രിയനും വിജയ സാധ്യതയുള്ളതുമായ സ്ഥാനാർഥികളെയാകും സിപിഎം മത്സരത്തിന് ഇറക്കുക എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ സിപിഎമ്മിന്റെ ഓരോ നീക്കവും കോൺഗ്രസിന് വലിയ ആശങ്ക ഉണ്ടാക്കുന്നതാണ് എന്നതാണ് എടുത്ത് പറയേണ്ട കാര്യം.
നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫ്, സ്ഥാനാർഥിയായി കെ. സുധാകരൻ എം.പി. തന്നെ കളത്തിലിറങ്ങുമോയെന്നതാണ് കണ്ണൂരിൽ ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. മത്സരിക്കാൻ സുധാകരനും അനുയായികൾക്കും താല്പര്യമുണ്ടെന്നും വ്യകതമാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുമ്പോൾ കണ്ണൂർ നിയമസഭാ സീറ്റിൽ മത്സരിക്കാൻ അവസരം നൽകുമെന്ന വാഗ്ദാനം ഉണ്ടായിരുന്നതായി സുധാകരന്റെ അനുയായികൾ തന്നെ പറയുന്നുമുണ്ട്. സുധാകരൻ മത്സരിച്ചാൽ കണ്ണൂർ ഉറപ്പായും കൂടെപ്പോരുമെന്നാണ് ഇവരുടെ ആത്മവിശ്വാസം. എന്നാൽ അത് ഒരിക്കലും സാധ്യമാക്കില്ലയെന്നും ഇടത് കോട്ട തകർക്കാൻ യുഡിഎഫിന് കഴിയില്ല എന്ന വാദവും നടക്കുകയാണ്. കണ്ണൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ കെ. സുധാകരന്റെ വ്യക്തിപ്രഭാവം വേറിട്ടുനിൽക്കുന്നതാണെന്നും യുഡിഫ് വാദിക്കുന്നു.
എം പി മാർ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഇങ്ങനെയൊക്കെയാണെങ്കിലും സുധാകരന് പ്രത്യേക ഇളവുകിട്ടുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ. ഇക്കാര്യത്തിൽ തീരുമാനം കേരളത്തിൽനിന്നുണ്ടാവില്ല. എഐസിസിയുടേതാകും അന്തിമ തീരുമാനം. അതിനാൽ കണ്ണൂരിലെ കോൺഗ്രസ് സാഥാനാർഥി ആരെന്നറിയാൻ കാത്തിരിക്കേണ്ടി വരും.
സുധാകരൻ മത്സരരംഗത്തേക്ക് വരുന്നില്ലെങ്കിൽ മുൻ മേയർ ടി.ഒ. മോഹനൻ, മഹിളാകോൺഗ്രസ് നേതാവ് അമൃതാ രാമകൃഷ്ണൻ എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ. മുൻ മന്ത്രിയും ഡിസിസി പ്രസിഡന്റുമായിരുന്ന എൻ. രാമകൃഷ്ണന്റെ മകളാണ് അമൃത. രണ്ടുപേരും ദീർഘകാലമായി സംഘടനാരംഗത്ത് സജീവവുമാണ്.
കണ്ണൂരിൽ കടന്നപ്പള്ളിക്കെതിരെ ആര് തന്നെ നിന്നാലും അവർക്ക് വിജയം കാണാൻ കഴിയില്ല എന്ന് പറയുന്നവരുമുണ്ട്. കലാകാലങ്ങളായി ഇടത് കോട്ടയായ കണ്ണൂർ കൈപിടിയിലാക്കണമെങ്കിൽ കോൺഗ്രസ് പാടുപെടേണ്ടി വരും. മണ്ഡലത്തിൽ പതിയെ ശക്തി വർധിപ്പിക്കുന്ന ബി.ജെ.പി. ഇത്തവണ ശക്തമായ മത്സരം കാഴ്ചവെക്കാനുള്ള പുറപ്പാടിലാണ്.
ദേശീയസമിതിയംഗം സി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് എന്നിവരുടെ പേരുകളാണ് കോർ കമ്മിറ്റിയിൽ പ്രധാനമായും ഉയർന്നത്. ഇവരുടെ പേരുകൾ മറ്റ് മണ്ഡലങ്ങളിലും വന്നിട്ടുമുണ്ട്. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ പേരും ഉയർന്നുവന്നേക്കാം.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയമാണ് യുഡിഫ്ന് ആത്മവിശ്വാസം നൽകിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷത്തിൽ ജയിക്കാനാകുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. എന്നാൽ ഇടത് കോട്ടയായ കണ്ണൂർ പിടിക്കണമെങ്കിൽ യുഡിഫ് പാടുപെടുക തന്നെ ചെയ്യും. കടന്നപ്പള്ളിയെ പോലെയുള്ള മുതിർന്ന നേതാക്കൾക്ക് മുന്നിൽ പിടിച്ച് നിന്ന് വിജയിക്കാൻ കോൺഗ്രസിന് സാധിക്കുകയില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഏതായാലും കനത്ത പോരാട്ടമായിരിക്കും കണ്ണൂരിൽ ഉണ്ടാകാൻ പോകുന്നത് എന്നതാണ് വാസ്തവം.




