കണ്ണൂർ : പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം. ലേബർ റൂം അടിച്ചുതകർക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്ത കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദിനെ (24) പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7.30-ഓടെയാണ് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം അരങ്ങേറിയത്.
പ്രസവത്തിനായി ലേബർ റൂമിൽ പ്രവേശിപ്പിച്ച ഭാര്യയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്ന് റാഷിദ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഡോക്ടർമാരുടെ അനുമതിയില്ലാതെ ഡിസ്ചാർജ് നൽകാനാവില്ലെന്ന് ജീവനക്കാർ അറിയിച്ചതോടെ യുവാവ് പ്രകോപിതനായി. നഴ്‌സിംഗ് ഓഫീസർ സനിലയെ ചീത്ത വിളിച്ച റാഷിദ്, ലേബർ റൂമിന്റെ വാതിലുകളും ഫർണിച്ചറുകളും അടിച്ചുതകർത്തു.
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്ന് ഏറെ പരിശ്രമിച്ചാണ് യുവാവിനെ കീഴടക്കിയത്. അക്രമത്തിനിടെ പരിക്കേറ്റ റാഷിദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഏകദേശം 15,000 രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. നഴ്‌സിംഗ് ഓഫീസർ സനില നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.






