കോഴിക്കോട്: ഭക്ഷണത്തിന് പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹോട്ടലിൽ അതിക്രമം. കോഴിക്കോട് മിംസ് ആശുപത്രിക്ക് മുൻവശത്തുള്ള ‘അളിയൻസ്’ ഹോട്ടലിലാണ് സംഭവം. ക്യാഷ് കൗണ്ടറിലിരുന്ന യുവാവിനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ഹോട്ടൽ തകർക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ഏകദേശം 9.30ഓടെയായിരുന്നു സംഭവം നടന്നത്. മൂന്നംഗ സംഘം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തി. 500 രൂപയ്ക്ക് മുകളിൽ വിലവരുന്ന ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ പുറത്തേക്ക് പോകാൻ ശ്രമിച്ചു. ക്യാഷ് കൗണ്ടറിലിരുന്ന ജീവനക്കാരൻ പണം നൽകാതെ പോകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഇവർ പ്രകോപിതരായി.
തുടർന്ന് പുറത്തേക്ക് പോയ സംഘം ഇരുമ്പ് വടിയുമായി തിരിച്ചെത്തി ഹോട്ടലിൽ ആക്രമണം നടത്തി. ക്യാഷ് കൗണ്ടറിലിരുന്ന യുവാവിന് പരിക്കേറ്റു. രണ്ടാഴ്ച മുമ്പാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാർ ചേർന്ന് അക്രമികളിൽ ഒരാളെ പിടികൂടി പോലീസിന് കൈമാറി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഏകദേശം ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.




