ബെംഗളൂരു: ബെംഗളൂരു വില്ല പാർട്ടി കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ 19-കാരിയും കൂട്ടാളിയുംചേർന്ന് പ്രതികളിലൊരാളിൽനിന്ന് പണംതട്ടാൻ ശ്രമിച്ചെന്ന പരാതിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടി ബലാത്സംഗപരാതി നൽകുന്നതിന് തലേദിവസമാണ് പ്രതികളിലൊരാളായ നിഖിൽ പണംതട്ടാൻ ശ്രമിച്ചെന്ന് ആരോപിച്ച് പെൺകുട്ടിക്കെതിരേ പരാതി നൽകിയതെന്നും പോലീസ് വ്യക്തമാക്കി. രണ്ടുപരാതികളിലും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഫെബ്രുവരി 22-നാണ് കോളേജ് വിദ്യാർഥിനിയായ 19-കാരി ഡിസ്‌കൺ സാൻഡോ, നിഖിൽ എന്നിവർക്കെതിരെ പോലീസിനെ സമീപിച്ച് പീഡനപരാതി നൽകിയത്. എന്നാൽ, ഫെബ്രുവരി 21-ന് നിഖിൽ പെൺകുട്ടിക്കെതിരെ പണം തട്ടാൻ ശ്രമിച്ചതിനും പോലീസിൽ പരാതി നൽകിയിരുന്നു. താൻ ബെംഗളൂരു രാജാജിനഗറിൽ യൂസ്ഡ് കാർ ബിസിനസ് നടത്തുന്നയാളാണെന്നാണ് നിഖിലിന്റെ പരാതിയിൽ പറയുന്നത്. ജാക്കൂറിൽ ഒരു വില്ലയും ലീസിനെടുത്ത് നടത്തുന്നുണ്ട്. ഫെബ്രുവരി 14 മുതൽ 16 വരെ സുഹൃത്തായ ഡിക്‌സൺ വില്ല വാടകയ്‌ക്കെടുത്തിരുന്നു. പ്രണയദിനത്തിൽ സുഹൃത്തുക്കൾക്ക് ഒത്തുകൂടാനെന്ന് പറഞ്ഞാണ് ഡിക്‌സൺ വില്ല വാടകയ്‌ക്കെടുത്തത്. ഫെബ്രുവരി 14-ന് അർധരാത്രി താൻ വില്ലയിലെത്തിയപ്പോൾ 19-കാരി അവിടെയുണ്ടായിരുന്നു. അവിടെവെച്ച് പെൺകുട്ടിയെ പരിചയപ്പെട്ടു. പാർട്ടിക്കിടെ പെൺകുട്ടി അടുത്തിടപഴകി. തുടർന്ന് പുലർച്ചെ നാലുമണിയോടെ മടങ്ങാനിരിക്കെ പെൺകുട്ടി തന്നെ കൊണ്ടുവിടുമോയെന്ന് ചോദിച്ചു. യാത്രയ്ക്കിടെ താൻ ‘ഷുഗർ ബേബി’യാണെന്നും ഒരു ‘ഷുഗർ ഡാഡി’യെ തിരയുകയാണെന്നും 19-കാരി പറഞ്ഞു. അത്തരത്തിലുള്ളവർ ഉണ്ടെങ്കിൽ പരിചയപ്പെടുത്തിനൽകാനും ആവശ്യപ്പെട്ടു. തുടർന്ന് രാജാജിനഗറിലെ ഒരു ബേക്കറിക്ക് സമീപത്തായാണ് പെൺകുട്ടിയെ ഇറക്കിവിട്ടതെന്നും ഇയാൾ പറഞ്ഞു.
എന്നാൽ, ഫെബ്രുവരി 18-ന് ഇതേ പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെ തനിക്കെതിരേയും ഡിക്‌സണെതിരേയും പീഡനപരാതി ഉന്നയിച്ചെന്നും നിഖിലിന്റെ പരാതിയിലുണ്ട്. പിന്നാലെ രണ്ടുനമ്പറുകളിൽനിന്ന് ഫോൺകോൾ വന്നു. ഒരു ചാനലിന്റെ ക്രൈം വിഭാഗം മേധാവിയെന്ന് പറഞ്ഞ് ‘ഇമ്രാൻ’ എന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ട ഇയാൾ, പെൺകുട്ടിക്ക് പണം നൽകിയാൽ പ്രശ്‌നം തീർപ്പാക്കാമെന്നും പറഞ്ഞു. അല്ലെങ്കിൽ ടിവി ചാനലിലൂടെ നാണംകെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നാണ് പോലീസിൽ പരാതി നൽകിയതെന്നും നിഖിൽ നൽകിയ മൊഴിയിലുണ്ട്.
അതേസമയം, ഫെബ്രുവരി 14-ന് വില്ലയിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയായെന്നാണ് കോളേജ് വിദ്യാർഥിനിയായ തമിഴ്‌നാട് സ്വദേശിനിയുടെ പരാതി. ഒന്നാംവർഷ ബിഎ വിദ്യാർഥിനിയായ പെൺകുട്ടി ഇൻസ്റ്റഗ്രാം വഴിയാണ് ഡിക്‌സൺ സാൻഡോയെ പരിചയപ്പെട്ടത്. ഫെബ്രുവരി 14-ന് ഇയാൾ ഒരു പാർട്ടിക്കായി വില്ലയിലേക്ക് ക്ഷണിച്ചു. സുഹൃത്തിനൊപ്പം ഇവിടെ എത്തിയപ്പോൾ നിഖിലിനെ പരിചയപ്പെടുത്തിനൽകി. തുടർന്ന് ഇരുവരും ചേർന്ന് നിർബന്ധിച്ച് ഒരു പിങ്ക് ടാബ്ലെറ്റ് നൽകിയെന്നും ഇത് കഴിച്ചതോടെ ബോധരഹിതയായെന്നുമാണ് പെൺകുട്ടിയുടെ പരാതി. ഇതിനിടെ രണ്ടുപ്രതികളും ചേർന്ന് വില്ലയിൽവെച്ച് കൂട്ടബലാത്സംഗംചെയ്‌തെന്നും പരാതിയിലുണ്ട്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി ഭീഷണിപ്പെടുത്തി. ഇതോടെ പോലീസിൽ പരാതിപ്പെട്ടില്ല. എന്നാൽ, ആവശ്യമായ ചികിത്സ തേടിയശേഷം സഹോദരനെ വിവരമറിയിച്ചെന്നും ഇതിനുശേഷമാണ് പോലീസിൽ പരാതി നൽകിയതെന്നും യുവതി പറഞ്ഞിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ നിഖിൽ, ഡിക്‌സൺ എന്നിവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, രണ്ട് പരാതികളിലും വിശദമായ അന്വേഷണം നടക്കുകയാണെന്നും ഇരുകൂട്ടരുടെയും മൊഴികൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.










