ഫണ്ടുകളുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തകളും മൂലം കാലങ്ങളോളം മുരടിച്ച് കിടന്നിരുന്ന കേരളത്തിന്റെ വികസന രംഗത്തേക്ക് കാലെടുത്ത് വെച്ച വിപ്ലവം തന്നെയായിരുന്നു കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബി. പലവിധ നിയന്ത്രണങ്ങളോടെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയപ്പോഴും കൊവിഡ് പോലുള്ള മഹാമാരി സാമ്പത്തിക മേഖലയെ പിടിച്ചുലച്ചപ്പോഴും കേരളത്തിന്റെ വികസന ഭൂപടത്തെ മാറ്റിമറിച്ച് വികസന വഴികൾ തുറന്നുകാണിക്കുന്നതിൽ കിഫ്ബി ഒരു പരിധി വരെ വിജയിച്ചുവെന്ന് സമ്മതിച്ചു കൊടുക്കാം. അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ, ഐടി, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ള വിതരണം തുടങ്ങിയ വിവിധ മേഖലകളിൽ കിഫ്ബി നടത്തിയ വികസന പദ്ധതികളെ ഹൈലൈറ്റ് ചെയ്യുന്ന ഒരു വീഡിയോ പുറത്ത് വന്നതോടെയാണ് കിഫ്ബി വീണ്ടും വാർത്തകളിൽ നിറയുന്നത്.
1999ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി നിയമപ്രകാരം 1999 നവംബർ 11നാണ് കിഫ്ബി നിലവിൽ വരുന്നത്. പിന്നീട് കുറച്ച് കാലം വിപ്ലവകരമായ ചലനങ്ങളൊന്നും ഉണ്ടാക്കാതെ കുറച്ച് വർഷം. പിന്നീട് 2016 എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിയമഭേദഗതിയിലൂടെ ശാക്തികരിച്ചതിന് ശേഷമാണ് കിഫ്ബി സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളിൽ അടിത്തറയാകുന്നത്. സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. അഞ്ച് വർഷം കൊണ്ട് 50,000 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം തുടങ്ങിയ കിഫ്ബി, ഇപ്പോൾ പത്താം വർഷത്തിൽ എത്തി നിൽക്കുമ്പോൾ ആകെ 98,836.83 കോടി രൂപയുടെ 1237 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ഇതിനകം 38,000 കോടി രൂപയിലധികം ചെലവാക്കി. ഇതിനു മുമ്പ് തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതികൾക്ക് അന്തിമ അംഗീകാരം നൽകുന്നതിനുള്ള നടപടി തുടരുകയാണ്. ഏകദേശം 1,10,000 കോടി രൂപ മൂല്യമുള്ള പദ്ധതികളാണ് സഫലീകരിക്കേണ്ടത്.
കിഫ്ബി ഫണ്ടിൽ സംസ്ഥാനത്തെ ഓരോ ജില്ലകളിലും നടത്തിയ വികസന പ്രവർത്തനങ്ങൾ പരിശോധിക്കാം. ഇടുക്കി ജില്ലയിലെ റോഡുകളുടെ ആകാശ ഭംഗി ഈ ദിവസങ്ങളിൽ വാർത്തയായിരുന്നു. ജില്ലയിലെ യാത്രക്ലേശം ഏറെയുള്ള ഉടുമ്പൻചോല – ദേവികുളം മണ്ഡലങ്ങളുടെ മുഖച്ഛായ മാറ്റിയ പദ്ധതിയാണ് രണ്ടാംവയൽ – ചിത്തിരപുരം മലയോരപാത. കിഫ്ബി അനുവദിച്ച 178 കോടി രൂപ ചെലവിട്ടാണ് റോഡ് നിർമിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ തിരുവനന്തപുരം ജില്ലയിൽ കിഫ്ബി വഴി ആകെ 13,500 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി.
കാസർകോട് ജില്ലയിൽ കായിക മേഖലയ്ക്ക് ശക്തിപകരാൻ തൃക്കരിപ്പൂർ നടക്കാവിൽ ജില്ലാ സ്പോർട്സ് കോംപ്ലക്സ് ഉയർന്നു. ജില്ലയിലാകെ 29.32 കോടി രൂപയാണ് കളിസ്ഥലങ്ങൾക്കായി അനുവദിച്ചത്. 30 കോടിയിലേറെ രൂപ ചെലവിട്ട് കാസർകോട് മണ്ഡലത്തിലെ നിരവധി റോഡുകളുടെ വികസനം സാധ്യമാക്കി. നിരവധി സ്കൂടൾ കെട്ടിടങ്ങളും ആധുനികവത്കരിച്ചു.
ആരോഗ്യ, ടൂറിസം മേഖലകൾക്ക് കരുത്ത് പകരുന്ന നിരവധി പദ്ധതികളും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും കോട്ടയം ജില്ലയിൽ നടപ്പിലാക്കിയത് കിഫ്ബി വഴിയാണ്. മെഡിക്കൽ കോളേജിൽ കിഫ്ബി പദ്ധതിയിലൂടെ 279.15 കോടി രൂപ ചെലവഴിച്ച് സർജിക്കൽ ബ്ലോക്ക് സജ്ജമാക്കി. എംജി യൂണിവേഴ്‌സിറ്റിയുടെ പശ്ചാത്തല വികസനം, സ്‌പോർട്‌സ് കോംപ്ലക്‌സ്, കോട്ടയത്ത് ജില്ലാ ആശുപത്രി മന്ദിരം, ചങ്ങനാശേരി താലൂക്ക് ആശുപത്രിയുടെ വികസനം എന്നിവ നടപ്പാക്കി. കോട്ടയത്തെ ജനറൽ ആശുപത്രി വികസനത്തിന് 129.90 കോടി രൂപയും കോട്ടയം മുനിസിപ്പാലിറ്റിയിലെ കുടിവെള്ള ശുദ്ധീകരണ കേന്ദ്രത്തിനായി 50 കോടിയും ചെലവാക്കി
കിഫ്ബിയുടെ ധനസഹായത്താൽ 2134 കോടി രൂപയുടെ മുതൽമുടക്കിലാണ് കോഴിക്കോട്-വയനാട് തുരങ്കപാത നിർമിക്കുന്നത്. ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻ ട്യൂബ് ടണലാണിത്. കണ്ണൂരിൽ 234 കോടി രൂപ നൽകി നടപ്പിലാക്കിയ മുഴപ്പിലങ്ങാട് – ധർമടം സമഗ്ര ടൂറിസം പദ്ധതിയും തലശേരി ഹെറിറ്റേജ് പദ്ധതിയും ടൂറിസം മേഖലയ്ക്കു കരുത്ത് പകരുന്നവയാണ്. 449 കോടി രൂപ ചെലവിട്ട് എറണാകുളത്ത് കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ യാഥാർഥ്യമാക്കി. 150 കോടി രൂപയാണ് ഉപകരണങ്ങൾ വാങ്ങാൻ ചെലവഴിച്ചത്. കൊല്ലത്ത് 56.9 കോടി ചെലവിട്ട് ശ്രീനാരായണ ഗുരു സാംസ്കാരിക കേന്ദ്രം നിർമ്മിച്ചു. ഫെബ്രുവരി മാസത്തോടെ പൂർത്തിയാക്കുന്നത് 200 കോടി രൂപയുടെ 13 പദ്ധതികളാണ്.
പത്തനംതിട്ടയിൽ കോന്നി മെഡിക്കൽ കോളേജിന്റെ വികസനത്തിനായി കിഫ്ബിയിൽ നിന്ന് ലഭിച്ചത് 352 കോടി രൂപയാണ്.അടൂർ ജനറൽ ആശുപത്രിയിൽ 14.64 കോടി ചെലവഴിച്ചും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 30.35 കോടി ചെലവഴിച്ചും പുതിയ കെട്ടിടങ്ങൾ സജ്ജമായി വരുന്നു. പുത്തൂരിലെ സുവോളജിക്കൽ പാർക്ക് ഉൾപ്പെട വമ്പൻ പദ്ധതികളാണ് തൃശ്ശൂരിൽ നടപ്പാക്കുന്നത്. ഇതിന്റെ നിർമാണ ചെലവായ 371 കോടി രൂപയിൽ 312 കോടി രൂപ കിഫ്ബിയാണ് വഹിച്ചത്. മെഡിക്കൽ കോളേജിൽ 279.19 കോടി രൂപ ചെലവഴിച്ച് അമ്മയും കുഞ്ഞും ബ്ലോക്ക് പൂർത്തിയാക്കി. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിർമിച്ചത് 199.4 കോടി രൂപയ്ക്കാണ്.
126 കോടി രൂപ ചെലവഴിച്ച് പാലക്കാട് ജില്ലാ ആശുപത്രിക്ക് പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയാണ്. 70.51 കോടി രൂപ ചെലവിൽ ചിറ്റൂർ താലൂക്ക് ആശുപത്രി നവീകരിച്ചു. ഒറ്റപ്പാലം താലൂക്ക് ആശുപ്രത്രിയിൽ 15 കോടി ചെലവഴിച്ച് പുതിയ കെട്ടിടം നിർമിച്ചു. അട്ടപ്പാടി ചുരം റോഡിന് 150 കോടി രൂപയും തെന്നിലാപുരം പാലത്തിന് 20 കോടി രൂപയും കോങ്ങാട് – മണ്ണാർക്കാട് ടിപ്പു സുൽത്താൻ റോഡിന് 59 കോടി രൂപ വീതം ചെലവഴിച്ചു. ആലപ്പുഴയിൽ വയലാർ ഇൻഫോ പാർക്ക് പാലം പദ്ധതി പുനരാരംഭിക്കാനായി 94.18 കോടിയുടെ പുതുക്കിയ പദ്ധതിക്കു ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തോട്ടപ്പിള്ളി-നാലുചിറ പാലത്തിന് 61 കോടിയും നൽകി.
കേരളം ഇപ്പോൾ ഒരു തെരഞ്ഞെടുപ്പിന്റെ വക്കിലാണ്. നിലവിലെ സർക്കാർ തുടരുകയാണെങ്കിലും ഭരണമാറ്റം സംഭവിക്കുയാണെങ്കിലും കിഫ്ബിയുടെ പ്രവർത്തനങ്ങൾ ഇതേപോലെ തന്നെ മുന്നോട്ട് പോകേണ്ടത് നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് നിസ്സംശയം പറയാം.










